27/03/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യയെ ലക്ഷ്യംവയ്ക്കുന്നതിന് പകരം അമേരിക്കയിലെ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പരിശോധിക്കൂ’- യുഎസ് റിപ്പോർട്ടിനെതിരെ കേന്ദ്ര സർക്കാർ

 ‘ഇന്ത്യയെ ലക്ഷ്യംവയ്ക്കുന്നതിന് പകരം അമേരിക്കയിലെ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പരിശോധിക്കൂ’-   യുഎസ് റിപ്പോർട്ടിനെതിരെ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശിക്കുന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ (USCIRF) 2026-ലെ വാർഷിക റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളി. ഇന്ത്യയെ ‘പ്രത്യേക ആശങ്കാജനകമായ രാജ്യം’ (CPC) ആയി പ്രഖ്യാപിക്കണമെന്ന കമ്മീഷന്റെ ശുപാർശ തികച്ചും പക്ഷപാതപരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യ്ക്കും (RAW), രാഷ്ട്രീയ സ്വയംസേവക് സംഘത്തിനും (RSS) എതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന കമ്മീഷന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന്വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

വസ്തുതകൾക്ക് നിരക്കാത്തതും വികലവുമായ ചിത്രമാണ് കമ്മീഷൻ ആവർത്തിച്ച് അവതരിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. വിശ്വാസ്യതയില്ലാത്ത ഉറവിടങ്ങളെയും പ്രത്യയശാസ്ത്രപരമായ താൽപ്പര്യങ്ങളെയുമാണ് റിപ്പോർട്ട് ആശ്രയിക്കുന്നത്. ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നതിന് പകരം അമേരിക്കയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ഇന്ത്യൻ പ്രവാസികൾ നേരിടുന്ന ഭീഷണികളും പരിശോധിക്കാനാണ് യുഎസ്സിഐആർഎഫ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യയിലെ മതപരിവർത്തന വിരുദ്ധ നിയമങ്ങളെയും സുരക്ഷാ നടപടികളെയും വിമർശിക്കുന്ന റിപ്പോർട്ട്, വ്യാപാര-സുരക്ഷാ സഹകരണങ്ങളെ ഇത്തരം നിബന്ധനകളുമായി ബന്ധിപ്പിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇത്തരം ബാഹ്യമായ ഇടപെടലുകളെയും സമ്മർദ്ദ തന്ത്രങ്ങളെയും രാജ്യം കർശനമായി പ്രതിരോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുൻ വർഷങ്ങളിലും സമാനമായ റിപ്പോർട്ടുകളെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.

Also read: