28/03/2026
[fontresizer_tawhidurrahmandear_widget]

ഇറാന്റെ ആണവ ശേഖരം പിടിച്ചെടുക്കൽ എളുപ്പമല്ല; ചരിത്രത്തിലെ ഏറ്റവും വലിയ ‘സ്‌പെഷ്യൽ ഫോഴ്‌സ് ഓപറേഷൻ’ വേണ്ടിവരുമെന്ന് വിലയിരുത്തൽ

 ഇറാന്റെ ആണവ ശേഖരം പിടിച്ചെടുക്കൽ എളുപ്പമല്ല; ചരിത്രത്തിലെ ഏറ്റവും വലിയ ‘സ്‌പെഷ്യൽ ഫോഴ്‌സ് ഓപറേഷൻ’ വേണ്ടിവരുമെന്ന് വിലയിരുത്തൽ

തെൽഅവീവ്/ വാഷിങ്ടൺ : ഇറാന്റെ ആണവപദ്ധതികളെ തകർക്കാനും യുറേനിയം പിടിച്ചെടുക്കാനും ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ‘സ്‌പെഷ്യൽ ഫോഴ്‌സ് ഓപ്പറേഷൻ’ ആവശ്യമായി വരുമെന്ന് വാൾ സ്ട്രീറ്റ് ജേണലിനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻ നാറ്റോ കമാൻഡർ ജെയിംസ് സ്റ്റാവ്രിഡിസിനെപ്പോലെയുള്ള പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായി നീക്കം ചെയ്യണമെങ്കിൽ ആയിരത്തിലധികം പ്രത്യേക പരിശീലനം ലഭിച്ച സൈനികരുടെ സേവനം അനിവാര്യമാണ്.

ഇസ്ഫഹാനിലെ ഭൂഗർഭ ബങ്കറുകളിലും മറ്റുമായി സൂക്ഷിച്ചിരിക്കുന്ന ഏകദേശം 440 കിലോഗ്രാം യുറേനിയം കണ്ടുകെട്ടുക എന്നത് അതീവ സങ്കീർണ്ണമായ ദൗത്യമാണ്. ഈ ദൗത്യം വിജയകരമാകണമെങ്കിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ സൈനിക എഞ്ചിനീയർമാർക്ക് തുരങ്കങ്ങൾ നിർമ്മിക്കേണ്ടി വരുമെന്നും ഇതിനിടയിൽ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശക്തമായ വ്യോമസുരക്ഷ ഉറപ്പാക്കേണ്ടി വരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവിൽ അത്തരമൊരു നീക്കം ആസൂത്രണം ചെയ്തിട്ടില്ലെങ്കിലും ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടാൽ യുറേനിയം പിടിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. എന്നാൽ ഫെബ്രുവരി 28ന് നടന്ന ആക്രമണങ്ങളെത്തുടർന്ന് ആണവ കേന്ദ്രങ്ങൾ അവശിഷ്ടങ്ങൾക്കിടയിലാണെന്നും ഇപ്പോൾ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്.

ഐഎഇഎ മേധാവി റാഫേൽ ഗ്രോസിയുടെ കണക്കുകൾ പ്രകാരം ഇറാന്റെ പക്കലുള്ള യുറേനിയം പത്ത് ആണവ ബോംബുകൾ നിർമ്മിക്കാൻ പര്യാപ്തമാണ്. ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇയുടെ മരണത്തെത്തുടർന്ന് ഭരണകൂടം വലിയ പ്രതിസന്ധിയിലാണെന്നും സൈനിക നീക്കങ്ങൾ ഇറാനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം തലവൻ ശ്ലോമി ബൈൻഡർ വിലയിരുത്തൽ. ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങാതെ ഈ ദൗത്യം പൂർത്തിയാക്കുകയെന്നത് ഇസ്രയേലിനും അമേരിക്കക്കും മുന്നിലെ വലിയ ഒരു വെല്ലുവിളിയാണ്.

Also read: