പശ്ചിമേഷ്യയിൽ യുദ്ധസന്നാഹം കടുപ്പിച്ച് അമേരിക്ക; രണ്ടായിരത്തിലധികം മറൈൻ സൈനികരുമായി യുദ്ധക്കപ്പൽ സിംഗപ്പൂർ കടന്നു
സിംഗപ്പൂർ: ഇറാൻ-ഇസ്രയേൽ സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യയിൽ സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക. രണ്ടായിരത്തിലധികം അത്യാധുനിക മറൈൻ സൈനികരുമായി യുഎസ് യുദ്ധക്കപ്പൽ ‘യുഎസ്എസ് ട്രിപ്പോളി’ പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോർട്ടുകൾ. സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കിലൂടെ കപ്പൽ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ മറൈൻ ട്രാക്കിംഗ് ഡാറ്റ പുറത്തുവിട്ടു.
ജപ്പാനിലെ ഓക്കിനാവയിൽ നിന്ന് പുറപ്പെട്ട മുപ്പത്തിയൊന്നാം മറൈൻ എക്സ്പെഡിഷണറി യൂണിറ്റിലെ 2,500-ഓളം കമാൻഡോകളാണ് കപ്പലിലുള്ളത്. ഒരു ചെറിയ വിമാനവാഹിനി കപ്പലിന് തുല്യമായ പ്രഹരശേഷിയുള്ള യുഎസ്എസ് ട്രിപ്പോളിയിൽ അത്യാധുനിക എഫ്-35 സ്റ്റെൽത്ത് വിമാനങ്ങളും വി-22 ഓസ്‌പ്രേ വിമാനങ്ങളുമുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും കടലിൽ നിന്ന് കരയിലേക്ക് മിന്നൽ ആക്രമണങ്ങൾ നടത്താൻ ഈ മറൈൻ യൂണിറ്റിന് സാധിക്കും.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് പെന്റഗൺ ഈ പുതിയ നീക്കം നടത്തിയത്. മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേനാ വിന്യാസം. നിലവിൽ 50,000-ത്തോളം അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിലുണ്ട്. ട്രിപ്പോളി കൂടി എത്തുന്നതോടെ അമേരിക്കയുടെ പ്രഹരശേഷി ഇരട്ടിയാകും.
അടുത്തിടെ ഇറാന്റെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി വധിക്കപ്പെട്ടതോടെ സംഘർഷം അതീവ ഗുരുതരമായിരിക്കുകയാണ്. യുഎസ്എസ് ട്രിപ്പോളിയുടെ വരവ് മേഖലയിൽ ഒരു കരയുദ്ധത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ, സമാധാനം പുനഃസ്ഥാപിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് തങ്ങൾ സേനയെ അയച്ചതെന്നാണ് അമേരിക്കൻ നിലപാട്.