30/03/2026
[fontresizer_tawhidurrahmandear_widget]

മൂന്നു ദിവസം മാത്രം പഴക്കമുള്ള ഐഡി, തായ്‌വാനിൽനിന്ന് ലോഗിൻ, എഐ എഡിറ്റഡ് ചിത്രം- കാഫിർ സ്ക്രീൻഷോട്ട് മോഡലിൽ പാണക്കാട് തങ്ങളെ ലക്ഷ്യമിട്ടും ഗൂഢനീക്കം

 മൂന്നു ദിവസം മാത്രം പഴക്കമുള്ള ഐഡി, തായ്‌വാനിൽനിന്ന് ലോഗിൻ, എഐ എഡിറ്റഡ് ചിത്രം- കാഫിർ സ്ക്രീൻഷോട്ട് മോഡലിൽ പാണക്കാട് തങ്ങളെ ലക്ഷ്യമിട്ടും ഗൂഢനീക്കം

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ സമാധാനപൂർണമായ അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ആസൂത്രിതമായ സൈബർ ആക്രമണം. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ വലിയ വിവാദമുണ്ടാക്കിയ ‘കാഫിർ സ്ക്രീൻഷോട്ട്’ മോഡലിൽ, അതീവ ഗൂഢവും ആപത്കരവുമായ നീക്കങ്ങളാണ് ഇതിന് പിന്നിലും നടന്നിരിക്കുന്നത്. സംഭവത്തിൽ മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രാഥമിക അന്വേഷണങ്ങളിൽ വിദേശ രാജ്യങ്ങളുടെ ഐപി അഡ്രസ് ഉൾപ്പെടെ ഉപയോഗിച്ചാണ് ഈ വ്യാജ പ്രചരണം നടന്നതെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി മാത്രം മൂന്ന് ദിവസം മുൻപ് നിർമ്മിച്ച ഒരു വ്യാജ ഫേസ്ബുക്ക് പ്രൊഫൈലാണ് ഇതിനായി ഉപയോഗിച്ചത്. വി.പി.എൻ സാങ്കേതികവിദ്യ ഉപയോഗിച്ച് തായ്‌വാനിൽനിന്നാണ് ഈ ഐഡി ലോഗിൻ ചെയ്തിരിക്കുന്നത്. മറ്റൊരു രാജ്യത്തിന്റെ ഐ.പി അഡ്രസ്സാണ് ഇതിനായി ഉപയോഗിച്ചത്. സാദിഖലി തങ്ങളെ തേജോവധം ചെയ്യാനായി നിർമ്മിത ബുദ്ധി(എഐ) ഉപയോഗിച്ച് തയ്യാറാക്കിയ മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ കഥകളുമാണ് പ്രചരിപ്പിച്ചത്.

വടകരയിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ ലക്ഷ്യം വെച്ച് ‘റെഡ് എന്കൗണ്ടര്’ പോലുള്ള ഇടത് സൈബർ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച ‘കാഫിർ സ്ക്രീൻഷോട്ട്’ കേരളത്തിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. സമാനമായ രീതിയിൽ, മുസ്ലിം കേരളത്തിന്റെ പരമോന്നത നേതാവിനെ ലക്ഷ്യമിട്ട് വിഷവിത്ത് വിതയ്ക്കാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള ഇത്തരം ആപത്കരമായ ഗൂഢനീക്കങ്ങൾ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും നിയമപരമായി നേരിടുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പോലീസിൽ പരാതി നൽകി. “സാദിഖലി തങ്ങളെ തേജോവധം ചെയ്യാനുള്ള നീക്കത്തിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുത്.” – പി.കെ. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
വ്യാജ ഐഡികൾക്കും അതിന് പിന്നിലെ ഗൂഢാലോചനകൾക്കും കത്രികത്താഴിട്ട് പൂട്ടുമെന്ന ഉറച്ച നിലപാടിലാണ് പാർട്ടി. സൈബർ പോലീസ് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. വിദേശ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം വരും ദിവസങ്ങളിൽ ഊർജിതമാക്കും.

Also read: