02/06/2026
[fontresizer_tawhidurrahmandear_widget]

‘ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വർഗീയ വിഭജനം സൃഷ്ടിക്കാൻ, കേരളത്തെ ഭിന്നിപ്പിക്കാൻ ഒരു ശക്തിയെയും സമ്മതിക്കില്ല’: വി.ഡി. സതീശൻ

 ‘ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വർഗീയ വിഭജനം സൃഷ്ടിക്കാൻ, കേരളത്തെ ഭിന്നിപ്പിക്കാൻ ഒരു ശക്തിയെയും സമ്മതിക്കില്ല’: വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ വർഗീയ വിഭജനം സൃഷ്ടിക്കാനുള്ള നീക്കങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും എന്തു വിലകൊടുത്തും നേരിടുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ച് നടന്ന വർഗീയ പ്രചാരണങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, മതേതര നിലപാടുകളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
യു.ഡി.എഫിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. കേരളത്തിൽ വർഗീയ വിഭജനം ലക്ഷ്യമിട്ടാണ് അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. മുസ്ലിം ലീഗ് ദുർബലമായാൽ ആ ഇടം പിടിച്ചെടുക്കാൻ പോകുന്നത് വർഗീയ ശക്തികളായിരിക്കും. വർഗീയതയെ തടുത്തുനിർത്തുന്ന രാഷ്ട്രീയ പാർട്ടി കൂടിയാണ് ലീഗെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്വേഷ പ്രചാരണങ്ങളോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വരാനിരിക്കുന്ന തലമുറകൾക്ക് സൗഹാർദത്തോടെ ജീവിക്കാനുള്ള കേരളമാണ് നമുക്ക് വേണ്ടത്. അത് തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കാലത്ത് വിട്ടുവീഴ്ച ചെയ്യാത്ത മതേതര നിലപാടിൽ, അധികാരത്തിലേറുമ്പോൾ ഒട്ടും വിട്ടുവീഴ്ചയുണ്ടാകില്ല. കേരളത്തെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമുദായിക നേതാക്കൾ വർഗീയത പറയരുതെന്നാണ് തന്റെ വ്യക്തിപരമായ അപേക്ഷയെന്ന് സതീശൻ പറഞ്ഞു. “എന്നെ ഇഷ്ടമല്ലെങ്കിൽ എന്നെ ആക്ഷേപിച്ചോളൂ, പക്ഷേ വർഗീയത പറയരുത്” – അദ്ദേഹം അഭ്യർത്ഥിച്ചു.
മതേതര കേരളം എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ രാജ്യത്തിന് നൽകിയത്. ആ സന്ദേശത്തിന് പോറലേൽക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: