അമേരിക്ക ഇറാനെ അണ്ടർസ്റ്റിമേറ്റ് ചെയ്തു, യുദ്ധത്തിൽ നിന്ന് പുറത്ത് കടക്കാനാവാതെ കുടുങ്ങി: ട്രംപിനെതിരെ കടുത്ത പരാമർശങ്ങളുമായി മുൻ സിഐഎ മേധാവി
വാഷിങ്ടൺ- ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം നിയന്ത്രണാതീതമായി തുടരുന്നതിനിടയിൽ, നിലവിലെ പ്രതിസന്ധിക്ക് കാരണം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പക്വതയില്ലാത്ത നയങ്ങളാണെന്ന് മുൻ സിഐഎ മേധാവിയും മുൻ പ്രതിരോധ സെക്രട്ടറിയുമായ ലിയോൺ പനേറ്റ വിമർശിച്ചു.
ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഇറാൻ ഏർപ്പെടുത്തിയ വൻതുക നികുതിയും അമേരിക്കയെ ഒരു വലിയ കെണിയിൽ എത്തിച്ചിരിക്കുകയാണെന്നും ഇതിൽ നിന്ന് പുറത്തുകടക്കാൻ നിലവിൽ കൃത്യമായ വഴികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനെതിരെയുള്ള ട്രംപിന്റെ കടുത്ത നിലപാടുകൾ മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിന് പകരം കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തതെന്ന് പനേറ്റ പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ ഇറാനിലെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന ട്രംപിന്റെ ഭീഷണി വെറും വൈകാരിക പ്രകടനം മാത്രമാണെന്നും, ഒരു ആധുനിക യുദ്ധത്തെ നേരിടാൻ ആവശ്യമായ കൃത്യമായ തന്ത്രങ്ങൾ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്ക ഇറാനെ വില കുറച്ചു കണ്ടുവെന്നും ഇപ്പോൾ യുദ്ധത്തിൽ നിന്ന് പുറത്തു കടക്കാനാവാതെ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപ്പെട്ടത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണ്. ട്രംപിന്റെ നടപടികൾ സഖ്യകക്ഷികളെ പോലും ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെ പൂർണ്ണമായും ഇല്ലാതാക്കാം എന്ന ട്രംപിന്റെ ചിന്ത വെറും മിഥ്യയാണെന്നും, ഈ യുദ്ധം അമേരിക്കയ്ക്ക് വലിയ സൈനിക-സാമ്പത്തിക ആഘാതങ്ങൾ ഉണ്ടാക്കുമെന്നും പനേറ്റ മുന്നറിയിപ്പ് നൽകി. വ്യക്തമായ ഒരു എക്സിറ്റ് പ്ലാൻ ഇല്ലാതെ യുദ്ധത്തിലേക്ക് എടുത്തുചാടിയ ട്രംപിന്റെ നടപടി ലോകത്തെ വലിയൊരു ദുരന്തത്തിലേക്കാണ് നയിക്കുന്നതെന്നും മുൻ സിഐഎ മേധാവി കൂട്ടിച്ചേർത്തു. ഇതിനോടകം തന്നെ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിലച്ചതോടെ ആഗോള എണ്ണവിപണിയിൽ വൻ വിലക്കയറ്റം ദൃശ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സൈനിക നീക്കത്തേക്കാൾ ഉപരിയായി നയതന്ത്രപരമായ നീക്കങ്ങളാണ് വേണ്ടതെന്ന പക്ഷക്കാരനാണ് പനേറ്റ. എന്നാൽ ട്രംപിന്റെ കടുത്ത നിലപാടുകൾ കാരണം അമേരിക്ക ഇപ്പോൾ ഒരു പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണെന്നും ഇതിൽ നിന്ന് എങ്ങനെ മോചിതരാകുമെന്ന് ആർക്കും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.