02/04/2026
[fontresizer_tawhidurrahmandear_widget]

‘200 കോടിയുടെ ബംഗ്ലാവ് മറച്ചുവെച്ചു’; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്

 ‘200 കോടിയുടെ ബംഗ്ലാവ് മറച്ചുവെച്ചു’; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ മറച്ചുവെച്ച എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ബെംഗളൂരുവിലെ കോറമംഗലയിലുള്ള 200 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിൻ്റെ വിവരം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ, രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശങ്ങളിലൊന്നായ കോറമംഗല തേർഡ് ബ്ലോക്കിലെ 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പടുകൂറ്റൻ ബംഗ്ലാവിന്റെ വിവരങ്ങളാണ് ഒളിപ്പിച്ചു വെച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നികുതി രേഖകളും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

നേമത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആഡംബര വീടിനെക്കുറിച്ച് പരാമർശമില്ലെന്നും എന്നാൽ 2024-ലെ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ രേഖകളിൽ ഈ ആസ്തി ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. രാജീവ് ചന്ദ്രശേഖർ സ്ഥിരം കുറ്റവാളിയാണെന്നും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുകയാണെന്നും കോൺഗ്രസ് ‘എക്സ്’ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. കോടീശ്വരനായ ബിസിനസുകാരനായിട്ടും സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് അദ്ദേഹം സത്യവാങ്മൂലത്തിൽ അവകാശപ്പെടുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Also read: