01/08/2026
[fontresizer_tawhidurrahmandear_widget]

എയർ ഡിഫൻസ് പാളിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം; മിസൈൽ നേരിട്ട് പതിച്ച് കെട്ടിടങ്ങൾ തകർന്നെന്ന് തെൽ അവീവ് മേയർ

 എയർ ഡിഫൻസ് പാളിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം; മിസൈൽ നേരിട്ട് പതിച്ച് കെട്ടിടങ്ങൾ തകർന്നെന്ന് തെൽ അവീവ് മേയർ

തെല്‍ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം ഇസ്രയേലിന്റെ ഹൃദയഭൂമിയിലേക്ക് പടരുന്നു. വടക്കൻ തെൽ അവീവിലെ ഒരു ആഡംബര പാർപ്പിട സമുച്ചയത്തിന് നേരെ ഇറാന്റെ മിസൈൽ നേരിട്ട് പതിച്ചു. സ്‌ഫോടനത്തിൽ മൂന്ന് നിലകളുള്ള ഒരു പഴയ പാർപ്പിട സമുച്ചയത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായും ഇസ്രയേൽ അടിയന്തര വിഭാഗമായ മാഗൻ ഡേവിഡ് അദോം അറിയിച്ചു. അതിനിടെ, ലോകത്തെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് മിസൈൽ എങ്ങനെ നഗരമധ്യത്തിൽ പതിച്ചു എന്നതിനെക്കുറിച്ച് ഇസ്രയേൽ വ്യോമസേന അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു

മിസൈൽ മുന്നറിയിപ്പ് സൈറണുകൾക്ക് പിന്നാലെ നഗരത്തിൽ നേരിട്ടുള്ള പ്രഹരമുണ്ടായതായി തെൽ അവീവ് മേയർ റോൺ ഹുൽദായ് സ്ഥിരീകരിച്ചു. ‘കെട്ടിടങ്ങൾക്കു നേരെ നേരിട്ടുള്ള ആക്രമണമാണ് ഉണ്ടായത്. വൻ സ്‌ഫോടനമാണ് പ്രദേശം സാക്ഷ്യം വഹിച്ചത്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ചവർക്കാണ് പരിക്കേറ്റത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിട്ടുണ്ടെന്നും ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡ് പരിശോധന തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഇറാൻ പ്രയോഗിച്ചത് അതീവ മാരകമായ ‘ക്ലസ്റ്റർ മ്യുണിഷൻ’ മിസൈലുകളാണെന്ന് ഇസ്രയേൽ മിലിട്ടറി റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നോ നാലോ പോർമുനകളുള്ള ഈ മിസൈലിന്റെ ഓരോ ഭാഗത്തും ഏകദേശം 100 കിലോയോളം സ്‌ഫോടകവസ്തുക്കൾ ഉണ്ടായിരുന്നതായാണ് പോലീസിന്റെ നിഗമനം. ഇതാണ് ഇത്രയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായത്.

ഇറാന്റെ മിസൈലുകളെ 90 ശതമാനത്തിലധികം പ്രതിരോധിക്കാറുണ്ടെന്ന് അവകാശപ്പെടുന്ന ഐ.ഡി.എഫ്, ഇത്തവണ തെൽ അവീവിൽ ഉണ്ടായ വീഴ്ചയെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മിസൈൽ തകർക്കാൻ ഇന്റർസെപ്റ്ററുകൾ വിക്ഷേപിച്ചിരുന്നോ അതോ സാങ്കേതിക തകരാറാണോ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. വ്യോമ പ്രതിരോധം 100 ശതമാനം കുറ്റമറ്റതല്ലെന്ന് സൈന്യം പൗരന്മാരെ വീണ്ടും ഓർമിപ്പിച്ചു.

അതേസമയം, ഇറാൻ ആക്രമണം തുടരുന്നതിനിടെ തെഹ്‌റാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്.

Also read: