സലാഹ് സൗദിയിലേക്ക്? സൂപ്പർ താരത്തിനായി വല വീശി വമ്പന്മാർ
ആൻഫീൽഡിന്റെ പുൽമൈതാനങ്ങളിൽ നീണ്ട എട്ടു വർഷം ത്രസിപ്പിച്ച ആ ഈജിപ്ഷ്യൻ മാന്ത്രികൻ ഒടുവിൽ പടിയിറങ്ങുകയാണ്. ലിവർപൂളിന്റെ ചുവന്ന ജേഴ്‌സിയിൽ സമാനതകളില്ലാത്ത പോരാട്ടവീര്യം കാഴ്ചവെച്ച മുഹമ്മദ് സലാഹ് ഈ സീസണോടെ ക്ലബ്ബിനോട് വിടപറയുന്നു എന്ന വാർത്ത ഫുട്ബോൾ ലോകത്തെ ഒന്നടങ്കം നിരാശപ്പെടുത്തുന്നുണ്ട്. 2017-ൽ റോമയിൽ നിന്ന് പടികയറി വന്ന ആ ചെറുപ്പക്കാരൻ വെറുമൊരു കളിക്കാരനായല്ല, മറിച്ച് ലിവർപൂളിന്റെ ഇതിഹാസമായാണ് ഇന്ന് മടങ്ങുന്നത്. തന്റെ ഹൃദയമിടിപ്പിന്റെ ഭാഗമായി മാറിയ ഒരു നഗരത്തോടും തന്നെ ജീവനെപ്പോലെ സ്നേഹിച്ച ആരാധകരോടും യാത്രപറയുമ്പോൾ സലാഹിന്റെ വാക്കുകളിൽ ആ വേർപാടിന്റെ ഭാരമുണ്ട്. ഈ ക്ലബ്ബും നഗരവും തന്റെ ജീവിതത്തിൽ ഇത്രമേൽ ആഴത്തിൽ പടരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് വികാരനിർഭരമായ ഒരു വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തി.
ലിവർപൂളിനായി 435 മത്സരങ്ങളിൽ നിന്ന് 255 ഗോളുകൾ അടിച്ചുകൂട്ടി ക്ലബ്ബിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ഗോൾവേട്ടക്കാരനായാണ് അദ്ദേഹം മടങ്ങുന്നത്. മുപ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രീമിയർ ലീഗ് കിരീടവും, യൂറോപ്പിന്റെ നെറുകയിൽ ചാമ്പ്യൻസ് ലീഗ് കിരീടവും ആൻഫീൽഡിലെത്തിച്ചതിൽ ആ പത്താം നമ്പർ ജേഴ്‌സിക്കാരന്റെ വിയർപ്പുണ്ട്. എന്നാൽ സലാഹിന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല, പകരം പുതിയൊരു പോരാട്ടഭൂമി തേടുകയാണ് അദ്ദേഹം. നിലവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം സൗദി പ്രോ ലീഗും അമേരിക്കയിലെ മേജർ ലീഗ് സോക്കറും തമ്മിലുള്ള ഒരു വമ്പൻ പോരാട്ടത്തിനാണ് ട്രാൻസ്ഫർ വിപണി സാക്ഷ്യം വഹിക്കുന്നത്. സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബുകളായ അൽ-ഇത്തിഹാദും ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ-നാസറും സലാഹിനെ സ്വന്തമാക്കാൻ സർവ്വ സന്നാഹങ്ങളുമായി രംഗത്തുണ്ട്.
ഏകദേശം 100 മില്യൺ പൗണ്ടിലധികം വാർഷിക പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് സലാഹിനെ അറബ് മണ്ണിലെത്തിക്കാനാണ് സൗദി അധികൃതർ ലക്ഷ്യമിടുന്നത്. റൊണാൾഡോയ്ക്കൊപ്പം സലാഹ് കൂടി അൽ-നാസറിൽ എത്തുകയാണെങ്കിൽ അത് ഏഷ്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീക്കമായി മാറും. അതേസമയം, ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നതോടെ അമേരിക്കൻ ഫുട്ബോളിനുണ്ടായ കുതിച്ചുചാട്ടം സലാഹിലൂടെ ആവർത്തിക്കാൻ അമേരിക്കൻ ലീഗും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പുതുതായി രൂപീകരിച്ച സാൻ ഡീഗോ എഫ്‌സി ഉൾപ്പെടെയുള്ള ക്ലബ്ബുകൾ താരത്തിനായി വൻ തുക വാഗ്ദാനം ചെയ്തേക്കും. മെസ്സിയെപ്പോലെ മറ്റൊരു സൂപ്പർ താരത്തെ കൂടി അമേരിക്കൻ മണ്ണിലെത്തിക്കുന്നത് ലീഗിന്റെ ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു.
ലിവർപൂൾ വിടുന്ന മുഹമ്മദ് സലാഹ് സൗദിയിലേക്കോ അമേരിക്കയിലേക്കോ പോകുമെന്ന ചർച്ചകൾക്കിടയിലും, അദ്ദേഹം യൂറോപ്പിലെ ഉന്നതതല ഫുട്ബോളിൽ തന്നെ തുടരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് പ്രമുഖ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 33 വയസ്സിലും മികച്ച ഫോമിൽ തുടരുന്ന സലാഹിന് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ നിന്ന് മികച്ച ഓഫറുകൾ ലഭിക്കുന്നുണ്ട്. എഫ്.സി ബാർസലോണ, പിഎസ്ജി,തുടങ്ങിയ വമ്പന്മാരെല്ലാം അദ്ദേഹത്തിനു പിന്നാലെയുണ്ട്.
പണക്കൊഴുപ്പിന്റെയും വലിയ ഓഫറുകളുടെയും ഇടയിലും, ആൻഫീൽഡിലെ ഗാലറികളിൽ മുഴങ്ങിക്കേട്ടിരുന്ന ‘ഈജിപ്ഷ്യൻ കിംഗ്’ എന്ന ആർപ്പുവിളികൾ സലാഹിന്റെ കാതുകളിൽ എന്നും മാറ്റൊലികൊള്ളും. ഒരുപക്ഷേ സൗദിയിലെ മണൽപ്പരപ്പിലോ അമേരിക്കയിലെ പുൽമൈതാനങ്ങളിലോ അദ്ദേഹം പുതിയ ചരിത്രങ്ങൾ കുറിക്കുമായിരിക്കും. എങ്കിലും, ചുവന്ന കുപ്പായത്തിൽ സലാഹ് നടത്തിയ ആ കുതിപ്പുകൾ ലിവർപൂളിന്റെ ചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ എന്നും തിളങ്ങിനിൽക്കും. അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തുക എന്നത് ലിവർപൂൾ മാനേജ്‌മെന്റിന് വരും സീസണുകളിൽ വലിയൊരു വെല്ലുവിളിയായിരിക്കും.. ഇതിഹാസങ്ങളും ഇതിഹാസ കഥകളും ഒരിക്കലും അവസാനിക്കുന്നില്ല, അവർ പുതിയ വൻകരകൾ തേടി യാത്ര തുടരുകയാണെന്ന് സലാഹ് നമ്മെ ഓർമ്മിപ്പിക്കുന്നു. ലിവർപൂളിൻ്റെ ആരാധകർ ആർത്തുവിളിക്കുന്നതുപോലെ..ഡിയർ സലാഹ് യൂ വിൽ നെവർ വാക്ക് എലോൺ…