‘നോട്ട് നിരോധനക്കാലത്ത് എത്രപേർ ക്യൂവിൽനിന്ന് മരിച്ചെന്ന് എല്ലാവർക്കും അറിയാം; ഇത് വിദ്വേഷ പ്രൊപഗണ്ടാ സിനിമകളുടെ കാലം’-വിമർശനവുമായി വെട്രിമാരൻ
ചെന്നൈ: സമീപകാലത്ത് ഇന്ത്യൻ സിനിമയിൽ വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണ സിനിമകൾക്കെതിരെയും ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രമുഖ തമിഴ് സംവിധായകൻ വെട്രിമാരൻ. പേരെടുത്തു പറഞ്ഞില്ലെങ്കിലും, ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന രൺവീർ സിങ്് ചിത്രം ‘ധുരന്ധർ 2’വിനെ ലക്ഷ്യം വെച്ചാണ് വെട്രിമാരന്റെ വിമർശനം. നോട്ട് നിരോധനക്കാലത്ത് എത്രപേർ ക്യൂവിൽനിന്ന് മരിച്ചെന്ന് എല്ലാവർക്കും അറിയാം.
എന്നാൽ, ഇന്ന് പ്രൊപഗണ്ടാ സിനിമകളിലൂടെ ആ ഓർമകളെ മറയ്ക്കാൻ ശ്രമം നടക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘നീലിര’ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു വെട്രിമാരന്റെ തുറന്നുപറച്ചിൽ. ”നമ്മുടെ കഥകൾ നമ്മൾ തന്നെ പറയുന്നത് വരെ, നമ്മുടെ ശത്രുക്കൾ പറയുന്നതായിരിക്കും നമ്മുടെ ജീവിതം. സ്വന്തം കഥകൾ പറയാനുള്ള ജനാധിപത്യം പോലും ഇന്ന് നമുക്കില്ല,’ വെട്രിമാരൻ പറഞ്ഞു.
തെലുങ്ക് സംസ്ഥാനത്തു നിന്നായിട്ടും ഇത്തരം ഒരു പ്രമേയത്തെ പിന്തുണയ്ക്കാൻ മുന്നോട്ടുവന്ന നടൻ റാണ ദഗ്ഗുബാട്ടിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ചില ബിഗ് ബജറ്റ് സിനിമകൾ വിദ്വേഷത്തെ വിപണനം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘നീലിര’ വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയല്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
”ഇന്ന് എല്ലാം പ്രൊപ്പഗണ്ടയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രചാരണ സിനിമകൾക്ക് നമ്മുടെ ഓർമകളെ സ്വാധീനിക്കാനുള്ള വലിയ ശക്തിയുണ്ട്. നോട്ട് നിരോധന സമയത്ത് ആരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയതെന്നും എത്രപേർ ക്യൂവിൽ നിന്ന് മരിച്ചുവെന്നും നമുക്കെല്ലാം അറിയാം. എന്നാൽ, സിനിമയിലൂടെ ആ ഓർമകളെ പോലും മാറ്റിയെടുക്കാൻ ഇവർക്ക് സാധിക്കുന്നു. ഇത് വെറും വിദ്വേഷ പ്രചാരണമാണ്. കോടിക്കണക്കിന് രൂപ ചെലവാക്കി നിർമിക്കുന്ന പല സിനിമകളും നൂറുകണക്കിന് കോടികൾ സമ്പാദിക്കാൻ ലക്ഷ്യമിടുന്നത് വിദ്വേഷത്തിലൂടെയും അക്രമത്തിലൂടെയുമാണ്.”, ഒരു വംശത്തെയോ മതത്തെയോ സമൂഹത്തെയോ മോശമായി ചിത്രീകരിച്ച് ലാഭമുണ്ടാക്കാൻ തങ്ങളുടെ ചിത്രം ശ്രമിക്കുന്നില്ലെന്നും വെട്രിമാരൻ വ്യക്തമാക്കി.
ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് തമാശരൂപേണ ഒരു ചോദ്യവും വെട്രിമാരൻ ചോദിച്ചു. സിനിമയ്ക്ക് ‘റിവൈസിങ് കമ്മിറ്റി’യുടെ അടുത്തേക്ക് പോകാതെ തന്നെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഉണ്ടെന്ന മറുപടി ലഭിച്ചപ്പോൾ, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഇത്തരം സിനിമകൾ നിർമിച്ചുകൊണ്ടേയിരിക്കണമെന്നും എങ്കിൽ മാത്രമേ യഥാർത്ഥ ഓർമ്മകൾ നിലനിൽക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ 2’ എന്ന ചിത്രത്തിൽ നോട്ട് നിരോധനത്തെ ഭീകരവാദം അടിച്ചമർത്താനുള്ള ഒരു ‘മാസ്റ്റർ സ്‌ട്രോക്ക്’ ആയിട്ടാണ് അവതരിപ്പിക്കുന്നത്. യാഥാർത്ഥ്യങ്ങളെ സിനിമ വഴി വെള്ളപൂശുന്നു എന്നാരോപിച്ച് നേരത്തെ യൂട്യൂബർ ധ്രുവ് റാഠിയും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തിയിരുന്നു.