30/03/2026
[fontresizer_tawhidurrahmandear_widget]

ഇറാന്റെ മിസൈൽ പതിച്ച് കെമിക്കൽ ഫാക്ടറി തകർന്നു; രാസദുരന്ത ഭീതിയിൽ ഇസ്രയേൽ

 ഇറാന്റെ മിസൈൽ പതിച്ച് കെമിക്കൽ ഫാക്ടറി തകർന്നു; രാസദുരന്ത ഭീതിയിൽ ഇസ്രയേൽ

തെൽഅവീവ്: ദക്ഷിണ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലുള്ള പ്രമുഖ രാസവസ്തു ഉൽപ്പാദന കേന്ദ്രമായ ‘അഡാമ’ (എഡിഎഎംഎ) പ്ലാന്റിൽ ഇറാന്റെ മിസൈലാക്രമണത്തെത്തുടർന്ന് വൻ തീപിടുത്തം. ഞായറാഴ്ച നിയോത് ഹോവാവ് ഇൻഡസ്ട്രിയൽ സോണിലുണ്ടായ ഈ ആക്രമണത്തിൽ പ്ലാന്റിന് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും പ്രദേശം കറുത്ത പുകയാൽ മൂടപ്പെടുകയും ചെയ്തു. പ്ലാന്റിലെ രാസവസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചതായും പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.

കാർഷിക ആവശ്യങ്ങൾക്കുള്ള കീടനാശിനികളും രാസവസ്തുക്കളും വൻതോതിൽ നിർമ്മിക്കുന്ന ഇടമായതിനാൽ, അന്തരീക്ഷത്തിലേക്ക് വിഷവാതകം പടരുമെന്ന ഭീതി പ്രദേശവാസികളെയും അധികൃതരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി. ഏകദേശം 34 യൂണിറ്റ് അഗ്‌നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. മുൻകരുതൽ നടപടിയായി പ്ലാന്റിന് ചുറ്റുമുള്ള 800 മീറ്റർ പ്രദേശം അധികൃതർ സീൽ ചെയ്യുകയും ഹൈവേ 40 ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.

ആക്രമണത്തിന്റെ ആഘാതത്തിൽ സമീപപ്രദേശത്തുള്ള 11 പേർക്ക് നിസാര പരിക്കേറ്റതായും ഇരുപതോളം പേരെ മാനസികാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്ലാന്റിലെ രാസവസ്തു സംഭരണികൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും, നിലവിൽ അപകടകരമായ രീതിയിലുള്ള വാതകചോർച്ച കണ്ടെത്തിയിട്ടില്ലെന്ന് ഇസ്രയേൽ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. എങ്കിലും മേഖലയിൽ കനത്ത സുരക്ഷാ നിരീക്ഷണം തുടരുകയാണ്.

ഇസ്രയേൽ-അമേരിക്ക സംയുക്തമായി ഇറാനെതിരെ ആരംഭിച്ച യുദ്ധം ഒരു മാസം പിന്നിടുമ്പോൾ അതീവ ഗുരുതരമായ ഘട്ടത്തിലേക്കാണ് മേഖല നീങ്ങുന്നത്. ഇറാന്റെ ഇന്ധന-ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ നീക്കമെന്ന് ഇറാൻ വിപ്ലവ ഗാർഡ് അവകാശപ്പെട്ടു. നിലവിൽ കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഊർജ നിലയങ്ങളെയും ഇറാൻ ലക്ഷ്യം വയ്ക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ ചർച്ചകൾക്ക് ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും ഇരുവിഭാഗവും പിൻവാങ്ങാൻ തയ്യാറായിട്ടില്ല. ഗൾഫ് മേഖലയിലുടനീളം യുദ്ധം വ്യാപിക്കുന്നത് ആഗോള വിപണിയിൽ ഇന്ധന വില കുതിച്ചുയരാനും വൻ സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്.

Also read: