ലമീൻ യമാലിനെ തടയാൻ പ്രാർത്ഥനയല്ലാതെ വേറെ വഴികളില്ല: ഉറുഗ്വൻ പ്രതിരോധത്തിന് അറാഹോയുടെ മുന്നറിയിപ്പ്
ബാർസലോണ: 2026 ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഉറുഗ്വായും സ്പെയിനും നേർക്കുനേർ വരുമ്പോൾ ഏറ്റവും ശ്രദ്ധേയമാവുക ബാഴ്സലോണയിലെ സഹതാരങ്ങളായ റൊണാൾഡ് അറാഹോയും ലമീൻ യമാലും തമ്മിലുള്ള പോരാട്ടമായിരിക്കും. ഈ നിർണ്ണായക മത്സരത്തിന് മുന്നോടിയായി യുവതാരം ലമീൻ യമാലിനെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ഉറുഗ്വായ് പ്രതിരോധ താരം റൊണാൾഡ് അറാഹോ നടത്തിയ പ്രതികരണങ്ങൾ ഇപ്പോൾ കായിക ലോകത്ത് ചർച്ചയാവുകയാണ്. കളിക്കളത്തിൽ അതിവേഗവും അസാമാന്യ കഴിവും പ്രകടിപ്പിക്കുന്ന യമാലിനെ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അറാഹോ സമ്മതിക്കുന്നു. സ്പെയിനെതിരെ കളിക്കാൻ ഇറങ്ങുന്ന തന്റെ സഹതാരങ്ങൾക്ക് നൽകാൻ എന്ത് ഉപദേശമാണുള്ളത് എന്ന ചോദ്യത്തിന്, അവർക്ക് പ്രാർത്ഥിക്കാൻ അറിയാമെങ്കിൽ അത് ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു അറാഹോയുടെ രസകരമായ മറുപടി.
പരിശീലന സമയത്ത് യമാൽ കാഴ്ച്ചവെക്കുന്ന പ്രകടനങ്ങൾ തന്നെയാണ് അവൻ മൈതാനത്തും ആവർത്തിക്കുന്നതെന്നും അതിനാൽ തന്നെ അവനെ പൂട്ടുക എന്നത് കഠിനമായ ദൗത്യമാണെന്നും അറാഹോ പറയുന്നു. യമാലിനെതിരെ വൺ ഓൺ വൺ പോരാട്ടത്തിന് നിൽക്കാതെ പ്രതിരോധം ശക്തമാക്കാനാണ് ഉറുഗ്വായ് ലക്ഷ്യമിടുന്നത്. ലയണൽ മെസ്സിയുമായി താരതമ്യം ചെയ്യപ്പെടുന്ന യമാലിന്റെ കഴിവിൽ അറാഹോ വലിയ ബഹുമാനം പ്രകടിപ്പിച്ചു. ലോകത്തിലെ തന്നെ മികച്ച താരങ്ങളിൽ ഒരാളായതിനാൽ വലിയ സമ്മർദ്ദമാണ് യമാലിന് മേലുള്ളതെന്നും എന്നാൽ അതെല്ലാം മറികടക്കാൻ പ്രായത്തിന് അതീതമായ പക്വത അവനുണ്ടെന്നും അറാഹോ കൂട്ടിച്ചേർത്തു. ബാഴ്സലോണയിലെ തന്റെ സഹതാരങ്ങളോട് സ്പെയിനെതിരായ മത്സരത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് താൻ തമാശയായി പറയാറുണ്ടെങ്കിലും സ്പെയിൻ കരുത്തുറ്റ എതിരാളികളാണെന്ന് താരം തിരിച്ചറിയുന്നുണ്ട്. സൗദി അറേബ്യയും കേപ് വെർദെയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ സ്പെയിനും ഉറുഗ്വായും തമ്മിലുള്ള പോരാട്ടം ലോകകപ്പിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചയായിരിക്കുമെന്നും അറാഹോ പറഞ്ഞു.