മൂന്നടിച്ച് ഓസ്ട്രിയയെ തകർത്ത് സ്പെയിൻ പ്രീ-ക്വാർട്ടറിൽ
മാഡ്രിഡ്: ഓസ്ട്രിയയെ 3-0ത്തിന് തകർത്ത് സ്പെയിൻ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ. മൈക്കൽ ഒയാർസബാലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പൊറോയുടെ ഗോളുമാണ് സ്പെയിന് വമ്പൻ വിജയം സമ്മാനിച്ചത്. 2010 ലെ കിരീടനേട്ടത്തിന് ശേഷം ഇതാദ്യമായാണ് ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ സ്പെയിൻ വിജയം സ്വന്തമാക്കുന്നത്. കളിയിലുടനീളം ആധിപത്യം പുലർത്തിയ സ്പെയിൻ 36-ാം മിനിറ്റിൽ ഒയാർ സബാലിന്റെ മികച്ച ഫിനിഷിങിലൂടെയാണ് ആദ്യ ഗോൾ നേടിയത്. കുകുറെല്ലയുടെ ലോ ക്രോസിൽ നിന്നായിരുന്നു ഒയാർ സബാലിന്റെ ഈ ഗോൾ.
മത്സരത്തിന്റെ 66-ാം മിനിറ്റിൽ ബായേന നൽകിയ മികച്ചൊരു ക്രോസിൽ നിന്നും പെഡ്രോ പോറോ ഹെഡ്ഡറിലൂടെ സ്പെയിന്റെ രണ്ടാം ഗോൾ നേടി. പോറോയുടെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ, അതായത് 89-ാം മിനിറ്റിൽ കുകുറെല്ലയുടെ പാസിൽ നിന്ന് ഒയാർസബാൽ സ്പെയിന്റെ മൂന്നാം ഗോളും നേടി ടീമിന്റെ തകർപ്പൻ വിജയം ഉറപ്പിച്ചു.
കളിയുടെ ആദ്യ അരമണിക്കൂറിൽ കുകുറെല്ലെ സ്പെയിനായി ഒരു ഗോൾ നേടിയിരുന്നെങ്കിലും, കോർണർ കിക്കെടുത്തപ്പോഴുള്ള ഫൗളിനെ തുടർന്ന് റഫറി ഇത് റദ്ദാക്കുകയായിരുന്നു. പ്രീ-ക്വാർട്ടറിൽ പോർച്ചുഗൽ ആയിരിക്കും സ്പെയിന്റെ അടുത്ത എതിരാളികൾ.