‘ഇറാന്റെ ആണവശേഷിയും മിസൈൽശേഖരവും അതുപോലെ കിടക്കുന്നു; 40 ദിവസം ബങ്കറിൽ കഴിഞ്ഞിട്ട് ഇസ്രയേൽ എന്തു നേടി?’
തെൽ അവീവ്: പശ്ചിമേഷ്യയെ മഹായുദ്ധത്തിന്റെ വക്കിലെത്തിച്ച 40 ദിവസത്തെ സംഘർഷത്തിന് താൽക്കാലിക അറുതിയായെങ്കിലും, ഇസ്രയേൽ രാഷ്ട്രീയത്തിൽ നെതന്യാഹുവിനെതിരെയുള്ള വികാരം ശക്തമാകുന്നു. പ്രമുഖ ഇസ്രയേലി മാധ്യമമായ ‘വല്ല’ പ്രസിദ്ധീകരിച്ച രാഷ്ട്രീയ വിശകലനത്തിൽ, യുദ്ധം കൊണ്ട് ഇസ്രയേലിന് വലിയ നയതന്ത്ര-സൈനിക പരാജയമാണ് ഉണ്ടായതെന്നാണു വിലയിരുത്തുന്നത്. പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനും മാധ്യമപ്രവർത്തകനും ഇസ്രയേൽ പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവുമായ ബരാക് സെരി ആണ് യുദ്ധത്തിൽ ഇസ്രയേലിനേറ്റ പരാജയങ്ങൾ എണ്ണിപ്പറഞ്ഞ് നെതന്യാഹുവിനെതിരെ രൂക്ഷവിമർശനം നടത്തിയിരിക്കുന്നത്.
ഇറാന്റെ ആണവശേഷിയും മിസൈൽ ശേഖരവും തകർക്കുക എന്നതായിരുന്നു യുദ്ധത്തിന് നെതന്യാഹു പറഞ്ഞിരുന്ന പ്രധാന ലക്ഷ്യം. എന്നാൽ 40 ദിവസത്തെ കടുത്ത പോരാട്ടത്തിന് ശേഷവും ഇറാന്റെ 440 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് സെരി ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരവും റെവല്യൂഷണറി ഗാർഡ്‌സിന്റെ കരുത്തും അതുപോലെ തന്നെ തുടരുന്നു. ഇതിനുപുറമെ, ഇറാൻ ഭരണകൂടം കൂടുതൽ തീവ്രനിലപാടുകളിലേക്ക് മാറാനും ഈ യുദ്ധം കാരണമായെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം കൊണ്ട് ഇസ്രയേലിന് ലഭിച്ച ഏക ‘നേട്ടം’ മുമ്പ് തുറന്നു കിടന്നിരുന്ന ഹോർമുസ് കടലിടുക്ക് ഇനിയും തുറന്നു കിടക്കും എന്നത് മാത്രമാണ്. ഇതിനായി ഇസ്രയേൽ കൊടുത്ത വില വലുതാണ്. 40 ദിവസം ലക്ഷക്കണക്കിന് ജനങ്ങൾ ഷെൽട്ടറുകളിൽ കഴിയേണ്ടി വന്നു. നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ സമ്പദ്വ്യവസ്ഥ പൂർണമായും സ്തംഭിച്ചെന്നും സെരി ചൂണ്ടിക്കാട്ടി.
ഇതിനു പുറമെയാണ് നയതന്ത്ര നാണക്കേടും നേരിട്ടിരിക്കുന്നത്. വെടിനിർത്തൽ തീരുമാനത്തിൽ ഇസ്രയേലുമായി അമേരിക്ക ഒന്ന് ചർച്ച നടത്തുക പോലും ചെയ്തി ല്ല. അമേരിക്കയും പാകിസ്ഥാനും ചേർന്ന് ഇറാന്റെ സമ്മതത്തോടെ തീരുമാനിച്ച വെടിനിർത്തൽ ഇസ്രയേലിന്റെ തലയിൽ കെട്ടിവെക്കുകയായിരുന്നുവെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
നെതന്യാഹു ട്രംപിനെ നുണകൾ പറഞ്ഞ് യുദ്ധത്തിലേക്ക് ചതിച്ച് വീഴ്ത്തിയെന്ന ബോധം അമേരിക്കൻ രാഷ്ട്രീയ നേതൃത്വത്തിൽ ശക്തമായിരിക്കുന്നു. ഇറാൻ ഭരണകൂടത്തെ വീഴ്ത്താമെന്ന നെതന്യാഹുവിന്റെ വാഗ്ദാനത്തെ സിഐഎ ‘പ്രഹസനം’ എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രയേൽ ഒരു സ്വത്തല്ല, മറിച്ച് ബാധ്യതയാണെന്ന് അമേരിക്ക കരുതുന്ന സ്ഥിതിയിലേക്ക് നെതന്യാഹു കാര്യങ്ങൾ എത്തിച്ചുവെന്ന് സെരി കുറ്റപ്പെടുത്തുന്നു.
ഇസ്രയേൽ രാഷ്ട്രീയത്തിലെ അതികായൻമാരുടെ ഉപദേശകനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ബരാക് സെരി. മുൻപ് നെതന്യാഹുവിന്റെ തന്നെ വിശ്വസ്തനും അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകനുമായിരുന്നു ഇദ്ദേഹം. കൂടാതെ മുൻ പ്രതിരോധ മന്ത്രിമാരായ എഹുദ് ബരാക്, അവിഗ്‌ദോർ ലീബർമാൻ എന്നിവരുടെ നയതന്ത്ര സംഘത്തിലും സെരി പ്രവർത്തിച്ചിട്ടുണ്ട്.