മഞ്ചേശ്വരത്ത് ചെയ്തതിലും കൂടുതൽ വോട്ട് മെഷീനിൽ; ഇവിഎമ്മിൽ തകരാറെന്ന് പരാതി
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മഞ്ചേശ്വരം മണ്ഡലത്തിൽ വോട്ടിങ് മെഷീനിൽ ക്രമക്കേടെന്ന് പരാതി. മഞ്ചേശ്വരത്തെ ബഡാജെയിലെ 21-ാം നമ്പർ ബൂത്തിലാണ് ഗുരുതരമായ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തത്. ചെയ്യുന്നതിനേക്കാൾ കൂടുതൽ വോട്ടുകൾ മെഷീനിൽ രേഖപ്പെടുത്തുന്നു എന്നാണ് പ്രധാന പരാതി.
പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് മണിക്കൂറിനിടെ രണ്ട് വോട്ടുകൾ മെഷീനിൽ അധികമായി രേഖപ്പെടുത്തിയതായി കണ്ടെത്തി. സാങ്കേതിക തകരാറാണോ മറ്റെന്തെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. ഇതേത്തുടർന്ന് ഈ ബൂത്തിൽ വോട്ടെടുപ്പ് താൽക്കാലികമായി തടസ്സപ്പെട്ടു. മഞ്ചേശ്വരത്തെ തന്നെ മറ്റ് ചില ബൂത്തുകളിലും യന്ത്രത്തകരാർ മൂലം വോട്ടിങ് വൈകിയിട്ടുണ്ട്.
വോട്ടിങ് യന്ത്രത്തിലെ തകരാറുകൾക്ക് പുറമെ മഞ്ചേശ്വരത്ത് കള്ളവോട്ട് ആരോപണവും ഉയർന്നിട്ടുണ്ട്. കയ്യാറിലെ 128-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി ബിജെപി ആരോപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വോട്ടിങ് മെഷീനുകൾ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് ആരംഭിക്കാൻ വൈകിയിരുന്നു. ചിലയിടങ്ങളിൽ രണ്ട് മണിക്കൂറോളം വോട്ടിങ് തടസ്സപ്പെട്ടു. എന്നിരുന്നാലും രാവിലെ മുതൽ തന്നെ സ്ത്രീകളടക്കമുള്ള വോട്ടർമാരുടെ വലിയ നിരയാണ് കാസർകോട് ജില്ലയിലെ മിക്ക ബൂത്തുകളിലും കാണപ്പെടുന്നത്.