‘യുവാക്കൾ മന്ത്രിസ്ഥാനത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം’: ചാണ്ടി ഉമ്മനെ അനുകൂലിച്ച് ഓർത്തഡോക്‌സ് സഭ
കോട്ടയം: നിയുക്ത പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെ മന്ത്രിസ്ഥാനത്തിൽ യാതൊരുവിധ മാറ്റവും ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും, യുവാക്കൾ മന്ത്രിപദവികളിലേക്ക് കടന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഓർത്തഡോക്‌സ് സഭ. ചാണ്ടി ഉമ്മൻ പുതിയ മന്ത്രിസഭയിൽ അംഗമാകുമെന്ന് തന്നെയാണ് തങ്ങൾക്ക് അറിയാൻ കഴിയുന്നതെന്ന് കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി.
യുവതലമുറയെ ഭരണത്തിൽ പരിഗണിക്കുന്ന കാര്യത്തിൽ അയൽസംസ്ഥാനമായ തമിഴ്‌നാട് മികച്ച ഉദാഹരണമാണെന്ന് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനത്തിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിന്നോട്ട് പോകുന്നത് ഒട്ടും നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, പാര്‍ട്ടി തനിക്ക് ഔദ്യോഗിക പദവികൾ തന്നാലും ഇല്ലെങ്കിലും എന്നും ഒരു സാധാരണ പാര്‍ട്ടിക്കാരനായി തന്നെ നിലകൊള്ളുമെന്നാണ് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ അദ്ദേഹം നേരിൽ കണ്ട് സംസാരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ചാണ്ടി ഉമ്മന്റെ ഈ പ്രതികരണം. തനിക്ക് എപ്പോഴും പാര്‍ട്ടിയാണ് വലുതെന്നും, ഹൈക്കമാൻഡും നേതൃത്വവും മന്ത്രിസ്ഥാനം നൽകിയാലും ഇല്ലെങ്കിലും പാർട്ടിയുടെ വിശ്വസ്തനായി തുടരുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു.