11/06/2026
[fontresizer_tawhidurrahmandear_widget]

ഇ.യു ഉപരോധനീക്കത്തിന് തിരിച്ചടി; സ്‌പെയിനിന് ഇസ്രയേലിന്റെ വിലക്ക്

 ഇ.യു ഉപരോധനീക്കത്തിന് തിരിച്ചടി; സ്‌പെയിനിന് ഇസ്രയേലിന്റെ വിലക്ക്

തെൽ അവീവ്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രയേലിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്ന സ്‌പെയിനിനെതിരെ കടുത്ത നടപടിയുമായി നെതന്യാഹു ഭരണകൂടം. ഗസ്സയിലെയും ലബനാനിലെയും സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്ററിൽ (സിഎംസിസി) നിന്ന് സ്‌പെയിനിനെ പുറത്താക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. അന്താരാഷ്ട്ര തലത്തിൽ ഗസ്സയിലേക്കുള്ള സഹായങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സമിതിയാണിത്. ഇസ്രയേലിനെതിരെ ഉപരോധം പ്രഖ്യാപിക്കാൻ യൂറോപ്യൻ യൂനിയനിൽ സ്‌പെയിൻ സമ്മർദം ചെലുത്തുന്നതിനിടെയാണു പുതിയ നീക്കം.

സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിനെതിരെ നടത്തിയ പ്രസ്താവനകളാണ് പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെന്ന് ഇസ്രയേൽ മാധ്യമമായ ‘ഐ24 ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. ലബനാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിശേഷിപ്പിച്ച സാഞ്ചസ്, ഇസ്രയേലുമായുള്ള വ്യാപാര കരാറുകൾ യൂറോപ്യൻ യൂണിയൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്‌പെയിനിന്റെ ഇത്തരം നിലപാടുകൾ ഇസ്രയേലിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുദ്ധമേഖലകളിൽ ഭക്ഷണവും മരുന്നും എത്തിക്കുന്നതിനും മാനുഷിക ഇടനാഴികൾ സുരക്ഷിതമാക്കുന്നതിനുമായി രൂപീകരിച്ച അന്താരാഷ്ട്ര സമിതിയാണ് സി.എം.സി.സി. യു.എസ്, സൈപ്രസ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്. സ്‌പെയിനിനെ പുറത്താക്കിയതോടെ, ഗസ്സയിലെ പുനർനിർമാണ പ്രവർത്തനങ്ങളിലും സഹായ വിതരണത്തിലും സ്‌പെയിനിന് നേരിട്ട് ഇടപെടാൻ കഴിയാത്ത സാഹചര്യം ഉടലെടുക്കും. സ്‌പെയിൻ അയക്കുന്ന മാനുഷിക സഹായങ്ങൾ ഇനി മറ്റ് രാജ്യങ്ങൾ വഴി മാത്രമേ എത്തിക്കാൻ സാധിക്കൂ.

നേരത്തെ, ഇറാൻ യുദ്ധത്തിനെതിരെയും സ്‌പെയിൻ ശക്തമായ ഭാഷയിൽ രംഗത്തെത്തിയിരുന്നു. ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കുന്ന യുഎസ് യുദ്ധവിമാനങ്ങൾക്ക് സ്‌പെയിൻ വ്യോമാതിർത്തി നിഷേധിച്ചു. രാജ്യത്തെ വ്യോമതാവളങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. ഗസ്സ യുദ്ധത്തിലും ഇസ്രയേലിനെതിരെ പെഡ്രോ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.

യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഇസ്രയേൽ വിഷയത്തിൽ നിലനിൽക്കുന്ന ഭിന്നതയാണ് പുതിയ സംഭവത്തിലൂടെ വ്യക്തമാകുന്നത്. ജർമനിയും ബ്രിട്ടനും ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോൾ സ്‌പെയിൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന പക്ഷക്കാരാണ്. അതേസമയം, ഇറ്റലിയും ബ്രിട്ടനും ഓസ്ട്രിയയുമെല്ലാം ഇറാൻ യുദ്ധത്തിൽ ഭാഗമാകാനില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ നടപടി സ്‌പെയിനിനെ കൂടുതൽ പ്രകോപിപ്പിക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Also read: