11/04/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയുടെ 1,600 കോടിയുടെ ഡ്രോൺ ഇറാൻ തകർക്കു? ഹോർമുസിൽ കാണാതായതായി റിപ്പോർട്ട്‌

 അമേരിക്കയുടെ 1,600 കോടിയുടെ ഡ്രോൺ ഇറാൻ തകർക്കു? ഹോർമുസിൽ കാണാതായതായി റിപ്പോർട്ട്‌

തെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ തുടരുന്നതിനിടെ യുഎസ് സൈന്യത്തിന് ആശങ്ക പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ അത്യാധുനിക ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് MQ-4C ട്രൈറ്റൺ ഡ്രോൺ കാണാതായത്.

ഇറ്റലിയിലെ നാവിക താവളത്തിൽനിന്ന് പറന്നുയർന്ന ഡ്രോൺ, ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് അന്താരാഷ്ട്ര തലത്തിലുള്ള ‘അടിയന്തര സിഗ്നലുകൾ’ (Squawk 7700) നൽകിയ ശേഷമാണ് അപ്രത്യക്ഷമായത്. ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം, 52,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന ഡ്രോൺ പെട്ടെന്ന് ഇറാൻ ലക്ഷ്യമാക്കി നീങ്ങുകയും നിമിഷങ്ങൾക്കുള്ളിൽ 10,000 അടിയിലേക്ക് താഴുകയുമായിരുന്നു. അവസാന നിമിഷം ഡ്രോണിൽനിന്നുള്ള കമ്മ്യൂണിക്കേഷൻ ലിങ്ക് പൂർണമായും നഷ്ടപ്പെട്ടു.

സാങ്കേതിക തകരാറാണോ അതോ ഇറാൻ വെടിവെച്ചിട്ടതാണോ എന്ന കാര്യത്തിൽ പെന്റഗൺ ഇതുവരെ വ്യക്തമായ സ്ഥിരീകരണം നൽകിയിട്ടില്ല. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണിനെ ലക്ഷ്യം വെച്ചിരിക്കാമെന്ന സംശയം അന്താരാഷ്ട്ര സൈനിക നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.

അമേരിക്കൻ നാവികസേനയുടെ കൈവശമുള്ള ഏറ്റവും അത്യാധുനികമായ ഡ്രോണാണ് ’MQ-4C ട്രൈറ്റൺ’. 50,000 അടിക്ക് മുകളിൽ നിന്ന് 24 മണിക്കൂറിലധികം തുടർച്ചയായി നിരീക്ഷണം നടത്താൻ ഇതിന് സാധിക്കും. സമുദ്രത്തിലെ ഓരോ ചലനവും 360 ഡിഗ്രിയിൽ പകർത്താൻ ശേഷിയുള്ള റഡാറുകളും സെൻസറുകളും ഇതിലുണ്ട്. ഒരു ഡ്രോണിന് 200 മില്യൺ ഡോളർ ആണ് വില(ഏകദേശം 1,600 കോടി രൂപയോളം).

ഡ്രോൺ വെടിവെച്ചിട്ടതായുള്ള അവകാശവാദങ്ങൾ ഇറാൻ അനുകൂല മാധ്യമങ്ങൾ ഉയർത്തുന്നുണ്ട്. ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച സമാധാന ശ്രമങ്ങളെ ഈ സംഭവം ബാധിച്ചേക്കാം.

അമേരിക്ക ഇറാനുമായി ചേർന്ന് ഹോർമുസ് കടലിടുക്കിൽ സംയുക്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്താനും ഇറാന്റെ ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ആലോചിക്കുന്നതിനിടയിലാണ് ഈ ആഘാതം. ഡ്രോൺ മനഃപൂർവ്വം വെടിവെച്ചിട്ടതാണെന്ന് തെളിഞ്ഞാൽ, വെടിനിർത്തൽ കരാറിൽനിന്ന് അമേരിക്ക പിന്മാറാനും വീണ്ടും ശക്തമായ ബോംബാക്രമണങ്ങൾ തുടങ്ങാനും സാധ്യതയുണ്ട്.

നേരത്തെ ഏപ്രിൽ 7-ന് ഇറാന്റെ ഖേഷ്‌ം ദ്വീപിന് മുകളിൽ വെച്ച് അമേരിക്കയുടെ MQ-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ട്രൈറ്റൺ കൂടി കാണാതായത് മേഖലയിലെ ഇസ്രയേൽ അടക്കമുള്ള സഖ്യകക്ഷികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. കാണാതായ ഡ്രോണിനായുള്ള തിരച്ചിൽ യുഎസ് നാവികസേന ഊർജ്ജിതമാക്കിയിട്ടുണ്ട്.

Also read: