21/04/2026
[fontresizer_tawhidurrahmandear_widget]

പരിധി വെറും 40 ലക്ഷം, സ്ഥാനാർഥികൾ ചെലവാക്കുന്നതോ നാലുകോടിവരെ; മാതൃകയായി ചാണ്ടി ഉമ്മൻ

 പരിധി വെറും 40 ലക്ഷം, സ്ഥാനാർഥികൾ ചെലവാക്കുന്നതോ നാലുകോടിവരെ; മാതൃകയായി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയായി തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിരിക്കെ, മിക്ക മണ്ഡലങ്ങളിലും ഒഴുക്കുന്നത് കോടികളാണെന്ന് റിപ്പോർട്ടുകൾ. പ്രചാരണത്തിനായി മൂന്ന് മുതൽ നാല് കോടി രൂപ വരെ പല പ്രമുഖ സ്ഥാനാർഥികളും ചെലവിടുന്നുണ്ടെന്നാണ് സൂചന. എന്നാൽ, ഈ ആർഭാടങ്ങൾക്കിടയിൽ വെറും 20 ലക്ഷം രൂപ മാത്രം ചെലവഴിച്ച് വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മൻ.

ഫ്ളക്സ് ബോർഡുകളോ പോസ്റ്ററുകളോ വാഹനഘോഷയാത്രകളോ ഇല്ലാതെ സൈക്കിളിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രചാരണം. “പ്രചാരണത്തിൽ ആർഭാടമില്ലാത്തതിന്റെ പേരിൽ വോട്ട് കുറഞ്ഞാലും സാരമില്ല, ഞാനതങ്ങ് സഹിക്കും” എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സ്നേഹിതരിൽ നിന്നും അനുഭാവികളിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ വഴി 48 കുടുംബങ്ങൾക്ക് വീട് വെച്ചുനൽകാനാണ് അദ്ദേഹം വിനിയോഗിച്ചത്. കേരളത്തിന്റെ സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതൊരു വിപ്ലവകരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു.

അതേസമയം, മറ്റ് സ്ഥാനാർഥികളുടെ കാര്യത്തിൽ ചിത്രം വ്യത്യസ്തമാണ്. ഒരു മണ്ഡലത്തിലെ ശരാശരി 225 ബൂത്തുകളിൽ ഓരോന്നിനും ചുരുങ്ങിയത് 25,000 രൂപ വീതം പ്രവർത്തനച്ചെലവ് വരുന്നുണ്ട്. ഇതിനുപുറമെ സോഷ്യൽ മീഡിയാ പിആർ വർക്കുകൾക്കായി 25 ലക്ഷം രൂപ വരെയും ചെലവാക്കുന്നു. വാഹന പ്രചാരണവും കൂപ്പൺ വഴിയുള്ള പണമിടപാടുകളും കൂടിയാകുമ്പോൾ ഔദ്യോഗിക പരിധിയുടെ പത്തിരട്ടിയോളം തുക പലരും വിനിയോഗിക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പിആർ പ്രവർത്തനങ്ങളും ഭരണമുന്നണി സ്ഥാനാർഥികൾക്ക് തുണയാകുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിക്കുന്ന പരിധി യാഥാർഥ്യബോധമില്ലാത്തതാണെന്നും, ഒന്നുകിൽ പരിധി ഉയർത്തണമെന്നും അല്ലെങ്കിൽ ചാണ്ടി ഉമ്മനെപ്പോലെ സ്ഥാനാർഥികൾ സ്വയം നിയന്ത്രണം പാലിക്കണമെന്നുമാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

Also read: