ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി എത്തിയത് സ്വഭാവദൂഷ്യം ചോദ്യം ചെയ്തതിലുള്ള പക വീട്ടാൻ; മുത്തശ്ശിയെയും കൊല്ലാൻ ശ്രമിച്ചു
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16-കാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ നസ്രിനയെ കൊലപ്പെടുത്തിയ ശേഷം കുളത്തൂർ സ്വദേശിയായ അദ്നാൻ (20) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. യുവാവിൻ്റെ സ്വഭാവദൂഷ്യവും മോഷണശ്രമവും പെൺകുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
വീടിൻ്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ മുൻകൂട്ടി നിർമിച്ച് പുലർച്ചെ അകത്തുകയറിയ അദ്നാൻ, സിസിടിവി ക്യാമറകളിൽ പതിയാത്ത വിധം അതീവ ജാഗ്രതയോടെയാണ് നീക്കങ്ങൾ നടത്തിയത്. മുകൾ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന നസ്രിനയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്തും കൈകളിലും സെല്ലോ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. തടയാൻ ശ്രമിച്ച നസ്രിനയുടെ മുത്തശ്ശിയെയും ഇയാൾ വകവരുത്താൻ ശ്രമിച്ചതായി വിവരമുണ്ട്.
സഹോദരിമാരുടെ മക്കളായ ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. മുൻപ് നസ്രിനയുടെ വീട്ടിൽ താമസിച്ച് പഠിച്ചിരുന്ന അദ്നാനെ, വീട്ടിൽ നിന്നും പണം മോഷ്ടിച്ചതിനും സ്വഭാവദൂഷ്യത്തെ തുടർന്നും മാസങ്ങൾക്ക് മുൻപ് ഇവിടെ നിന്നും പുറത്താക്കിയിരുന്നു. വീട്ടിലേക്ക് വരരുതെന്ന് കർശന താക്കീതും നൽകിയിരുന്നു. ഇതിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാരും പറയുന്നു.
പെൺകുട്ടിയെ മുറിയിൽ അവശ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ്, മുറിക്കുള്ളിൽ ഒളിച്ചിരുന്ന അദ്നാൻ മറ്റൊരു മുറിയിൽ കയറി വിഷം കഴിച്ചത്. മുഖത്ത് സെല്ലോ ടേപ്പ് ചുറ്റിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.