17/04/2026
[fontresizer_tawhidurrahmandear_widget]

മുസ്‌ലിംകൾക്ക് സംവരണം നൽകാൻ പറ്റില്ലെന്ന് അമിത് ഷാ; ചോദ്യങ്ങളുമായി അഖിലേഷ്; ലോക്സഭയിൽ രൂക്ഷമായ വാക്പോര്

 മുസ്‌ലിംകൾക്ക് സംവരണം നൽകാൻ പറ്റില്ലെന്ന് അമിത് ഷാ; ചോദ്യങ്ങളുമായി അഖിലേഷ്; ലോക്സഭയിൽ രൂക്ഷമായ വാക്പോര്

ന്യൂഡൽഹി: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും മുസ്‌ലിംകൾക്ക് അത്തരത്തിൽ സംവരണം നൽകാൻ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി. ലോക്സഭയിലെ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും ചർച്ച ചെയ്യുന്നതിനിടെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും അമിത് ഷായും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു.

രാജ്യത്ത് മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും അതിനാൽ മുസ്‌ലിംകൾക്ക് പ്രത്രേകം സംവരണം നൽകാൻ പറ്റില്ലെന്നും അമിത് ഷാ തുറന്നടിച്ചു.പ്രതിപക്ഷ പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മണ്ഡല പുനർനിർണ്ണയ പ്രക്രിയയിലൂടെ വനിതാ സംവരണം നടപ്പിലാക്കുമ്പോൾ മുസ്‌ലിം വനിതകൾക്കും ഒബിസി വിഭാഗങ്ങൾക്കും പ്രത്യേക ക്വോട്ട വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. എന്നാൽ, ഇന്ത്യൻ ഭരണഘടന മതാടിസ്ഥാനത്തിലുള്ള സംവരണത്തെ ഒരിടത്തും അനുകൂലിക്കുന്നില്ലെന്ന് അമിത് ഷാ ഇതിന് മറുപടി നൽകി. “മുസ്‌ലിം വനിതകൾക്ക് സംവരണം വേണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പാർട്ടി നൽകുന്ന മുഴുവൻ സീറ്റുകളും അവർക്ക് നൽകിക്കോളൂ, അതിൽ ഞങ്ങൾക്ക് തടസ്സമില്ല. എന്നാൽ മതാടിസ്ഥാനത്തിൽ ഒരു ക്വോട്ട അനുവദിക്കുന്നത് ഭരണഘടന അനുവദിക്കാത്ത കാര്യമാണ്,” അമിത് ഷാ ചൂണ്ടിക്കാട്ടി.

മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കുമ്പോൾ അത് ചില വിഭാഗങ്ങളെയും സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നായിരുന്നു അഖിലേഷ് യാദവിന്റെ വാദം. എന്നാൽ മണ്ഡല പുനർനിർണ്ണയം എന്നത് ഭരണഘടനാപരമായ ഒരു പ്രക്രിയയാണെന്നും അത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുകയെന്നും അമിത് ഷാ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് മതാടിസ്ഥാനത്തിൽ സംവരണം നൽകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ആന്ധ്രാപ്രദേശിലും കർണാടകയിലും മറ്റും മുസ്‌ലിം സംവരണം ഏർപ്പെടുത്തിയതിനെ പരാമർശിച്ച അമിത് ഷാ, ഇത് ഒബിസി വിഭാഗങ്ങളുടെ അവസരങ്ങൾ ഇല്ലാതാക്കുമെന്നും ബിജെപി സർക്കാർ ഇത്തരം ഭരണഘടനാ വിരുദ്ധ നടപടികളെ ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കി. മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ചുള്ള ചർച്ചയിൽ അഖിലേഷ് യാദവ് ഉന്നയിച്ച പല കാര്യങ്ങളും സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഭരണപക്ഷം ആരോപിച്ചതോടെ ലോക്സഭയിൽ വലിയ ബഹളമാണ് ഉണ്ടായത്.

സെൻസസ് പൂർത്തിയാക്കുന്നതിന് മുൻപ് എന്തിനാണ് ബില്ല് പാസാക്കാൻ ധൃതി കാണിക്കുന്നതെന്ന് അഖിലേഷ് യാദവ് ചോദിച്ചു. മണ്ഡല പുനർനിർണ്ണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുമോ എന്ന ആശങ്കയും പ്രതിപക്ഷം ഉന്നയിച്ചു

2029-ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം നടപ്പിലാക്കുന്നതിനായി ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543-ൽ നിന്ന് പരമാവധി 850 ആയി ഉയർത്താനാണ് പുതിയ ഭരണഘടനാ ഭേദഗതി ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഈ പുനർനിർണ്ണയ പ്രക്രിയയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നത്.

പുതിയ മണ്ഡല പുനർനിർണ്ണയത്തിനായി 2011-ലെ സെൻസസ് വിവരങ്ങൾ ഉപയോഗിക്കാനാണ് ബില്ലിലെ നിർദ്ദേശം. കാലഹരണപ്പെട്ട ഈ ഡാറ്റ ഉപയോഗിച്ച് മണ്ഡലങ്ങൾ പുനർക്രമീകരിക്കുന്നത് യഥാർത്ഥ ജനസംഖ്യാ അനുപാതത്തെ പ്രതിഫലിപ്പിക്കില്ലെന്ന് പ്രതിപക്ഷം വാദിക്കുന്നു. 2026-ന് ശേഷം നടക്കുന്ന ആദ്യ സെൻസസിന് ശേഷം മാത്രമേ പുനർനിർണ്ണയം പാടുള്ളൂ എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കുമ്പോൾ, ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്സഭയിലെ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക ശക്തമാണ്. ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നതിലേക്ക് നയിക്കുമെന്ന് പ്രാദേശിക പാർട്ടികൾ ആരോപിക്കുന്നു.

വനിതാ സംവരണം നടപ്പിലാക്കുന്നതിന് മണ്ഡല പുനർനിർണ്ണയം എന്ന കടമ്പ കൂടി സർക്കാർ വെച്ചത് സംവരണം ബോധപൂർവ്വം വൈകിപ്പിക്കാനാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മണ്ഡല പുനർനിർണ്ണയം നടത്താതെ തന്നെ ഇപ്പോൾ നിലവിലുള്ള സീറ്റുകളിൽ സംവരണം നടപ്പിലാക്കാമെന്നിരിക്കെ സർക്കാർ എന്തിനാണ് സീറ്റുകളുടെ എണ്ണം കൂട്ടുന്നത് എന്നാണ് അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ചോദ്യം.

ലോക്സഭയുടെയും നിയമസഭകളുടെയും ഘടന തന്നെ മാറ്റിയെഴുതാൻ പോകുന്ന ഈ ബില്ല്, കേവലം വനിതാ സംവരണത്തിന് വേണ്ടിയുള്ളതല്ലെന്നും മറിച്ച് ഒരു രാഷ്ട്രീയ അഴിച്ചുപണി ലക്ഷ്യം വെച്ചുള്ളതാണെന്നും പ്രതിപക്ഷം കരുതുന്നു. സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിലൂടെ ഭരണകക്ഷിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയുന്ന രീതിയിലുള്ള അതിർത്തി നിർണ്ണയങ്ങൾ ഉണ്ടാകുമോ എന്ന ഭയമാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം.

Also read: