മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഎം
എം.എ. ബേബി, നരേന്ദ്ര മോദി
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഔദ്യോഗിക മാധ്യമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സി.പി.എം. പ്രധാനമന്ത്രിയുടേത് നഗ്നമായ ചട്ടലംഘനമാണെന്നും ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വീടുപണി ചെയ്യുകയാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു. ദൂരദർശനിലൂടെ പ്രധാനമന്ത്രി നടത്തിയത് ശുദ്ധമായ രാഷ്ട്രീയ പ്രഖ്യാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക സംവിധാനങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന നിയമം ഇവിടെ കാറ്റിൽപ്പറത്തപ്പെട്ടിരിക്കുകയാണ്. ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷൻ കമ്മീഷണറായി ഇരിക്കുമ്പോൾ ഇത്തരം ഇടപെടലുകൾ പ്രതീക്ഷിക്കാമെന്നും എം.എ. ബേബി പരിഹസിച്ചു. വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനുള്ള നീക്കം പാർലമെന്റിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഈ ഘട്ടത്തിൽ ബിൽ അവതരിപ്പിച്ചത് തന്നെ ചട്ടലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ബംഗാളിൽ അമിത് ഷാ നടത്തിയത് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള സത്യവിരുദ്ധ പ്രചാരണമാണെന്നും ബേബി കുറ്റപ്പെടുത്തി.