17/04/2026
[fontresizer_tawhidurrahmandear_widget]

‘ലോകത്തെ നശിപ്പിക്കാൻ ചില ഏകാധിപതികൾ ശതകോടികൾ പൊടിക്കുന്നു; യുദ്ധത്തെ ന്യായീകരിക്കാൻ ക്രിസ്തുവിനെയോ ദൈവനാമത്തെയോ കൂട്ടുപിടിക്കരുത്’-വീണ്ടും ആഞ്ഞടിച്ച് മാർപാപ്പ

 ‘ലോകത്തെ നശിപ്പിക്കാൻ ചില ഏകാധിപതികൾ ശതകോടികൾ പൊടിക്കുന്നു; യുദ്ധത്തെ ന്യായീകരിക്കാൻ ക്രിസ്തുവിനെയോ ദൈവനാമത്തെയോ കൂട്ടുപിടിക്കരുത്’-വീണ്ടും ആഞ്ഞടിച്ച് മാർപാപ്പ

യുവാൻഡേ: ആഗോളതലത്തിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ലോകനേതാക്കൾക്കും സൈനിക ശക്തികൾക്കുമെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ. ആഗോള സമാധാനത്തിനായി കാമറൂണിൽ നടത്തിയ അപ്പോസ്‌തോലിക് സന്ദർശനത്തിനിടെയാണ് മാർപാപ്പ നിലപാട് ആവർത്തിച്ചത്. സ്വന്തം സൈനിക-സാമ്പത്തിക നേട്ടങ്ങൾക്കായി മതത്തെയും ദൈവനാമത്തെയും വലിച്ചിഴയ്ക്കരുതെന്ന് അദ്ദേഹം വിമർശിച്ചു. ലോകത്തെ നശിപ്പിക്കാൻ ശതകോടികൾ ചെലവാക്കുന്ന ഏകാധിപതികൾ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും പണമില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്ന് മാർപാപ്പ പറഞ്ഞു.

കാമറൂണിലെ ബമെൻഡയിലുള്ള സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന സമാധാന സംഗമത്തിലാണ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരെടുത്ത് പറയാതെ മാർപാപ്പ ആഞ്ഞടിച്ചത്. സമാധാനം എന്നത് നാം പുതുതായി കണ്ടുപിടിക്കേണ്ട ഒന്നല്ലെന്നും മറിച്ച് സഹോദര്യത്തിലൂടെ കെട്ടിപ്പടുക്കേണ്ടതാണെന്നും മാർപാപ്പ ഓർമിപ്പിച്ചു. ”ലോകം ഇന്ന് ഒരുപിടി ഏകാധിപതികളാൽ നശിപ്പിക്കപ്പെടുകയാണ്. എങ്കിലും ഒരു വലിയ കൂട്ടം സഹോദരീസഹോദരന്മാരുടെ പിന്തുണയിലാണ് അത് ഇന്നും നിലനിൽക്കുന്നത്! അവർ അബ്രഹാമിന്റെ സന്തതികളാണ്, ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടൽതീരത്തെ മണൽത്തരികളെപ്പോലെയും എണ്ണമറ്റവർ. നമുക്ക് പരസ്പരം കണ്ണുകളിലേക്ക് നോക്കാം: നാം അത്രമേൽ വലിയൊരു ജനതയാണ്!”-മാർപാപ്പ പറഞ്ഞു.

”സമാധാനം എന്നത് നാം പുതുതായി കണ്ടുപിടിക്കേണ്ട ഒന്നല്ല: പകരം നമ്മുടെ അയൽക്കാരനെ സഹോദരനായി അംഗീകരിച്ചുകൊണ്ട് നാം നെഞ്ചിലേറ്റേണ്ട ഒന്നാണത്. നമ്മുടെ സഹോദരങ്ങളെ നാം തിരഞ്ഞെടുക്കുന്നില്ല: നാം അവരെ പരസ്പരം അംഗീകരിക്കുകയാണ് വേണ്ടത്! സഹസ്രാബ്ദങ്ങളായി പുരാതന സംസ്‌കാരങ്ങൾ പരിപാലിച്ചുപോന്ന ഈ അത്ഭുതകരമായ ഗ്രഹത്തിൽ, ഒരേ വീട്ടിൽ വസിക്കുന്ന ഒരൊറ്റ കുടുംബമാണ് നാം!”-ലിയോ മാർപാപ്പ കൂട്ടിച്ചേർത്തു.

അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തുന്ന സൈനിക നീക്കങ്ങളെ മാർപാപ്പ തുടർച്ചയായി വിമർശിക്കുന്നുണ്ട്. ഇത് ട്രംപിനെ ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഒരു മുഴുവൻ നാഗരികതയും ഇല്ലാതാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ മാർപാപ്പ രംഗത്തെത്തിയതോടെ ട്രംപ് സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ ആരംഭിച്ചു. മാർപാപ്പയ്ക്ക് വിദേശനയത്തിൽ അറിവില്ലെന്നും അദ്ദേഹം ദുർബലനാണെന്നും ട്രംപ് പരിഹസിച്ചു. തന്നെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന എഐ ചിത്രങ്ങൾ പങ്കുവെച്ച ട്രംപ്, മാർപാപ്പയോട് മര്യാദയ്ക്ക് പെരുമാറാൻ ആവശ്യപ്പെടുകയും ചെയ്തു.

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് പെന്റഗണിൽ വെച്ച് പ്രതികാരത്തിന് ആഹ്വാനം ചെയ്യുന്ന പ്രാർത്ഥനകൾ നടത്തിയതിനെ മാർപാപ്പ ശക്തമായി അപലപിച്ചു. യേശു സമാധാനത്തിന്റെ രാജാവാണ്, ആർക്കും യുദ്ധത്തെ ന്യായീകരിക്കാൻ അദ്ദേഹത്തെ ഉപയോഗിക്കാനാവില്ലെന്ന് മാർപാപ്പ വ്യക്തമാക്കി. കൈകളിൽ രക്തക്കറയുമായി പ്രാർത്ഥിക്കുന്നവരുടെ വാക്കുകൾ ദൈവം കേൾക്കില്ലെന്ന് ബൈബിളിലെ യെശയ്യാ പ്രവാചകന്റെ വചനം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആദ്യത്തെ അമേരിക്കൻ വംശജനായ മാർപാപ്പയായ ലിയോ പതിനാലാമൻ തന്റെ രണ്ടാമത്തെ പ്രധാന വിദേശ സന്ദർശനത്തിനായാണ് ആഫ്രിക്കയിലെത്തിയത്. ലോകത്തെ കത്തോലിക്കാ വിശ്വാസികളിൽ അഞ്ചിലൊന്നും ആഫ്രിക്കയിലാണ്. നൈജീരിയയിലെ ക്രിസ്ത്യൻ വേട്ടയെക്കുറിച്ച് മാർപാപ്പ മിണ്ടുന്നില്ലെന്ന് ട്രംപ് അനുകൂലികൾ ആരോപിക്കുന്നുണ്ടെങ്കിലും, സമാധാനം ഒരു രാഷ്ട്രീയ ചരക്കല്ലെന്നും അത് മാനുഷികമായ തിരഞ്ഞെടുപ്പാണെന്നുമാണ് മാർപാപ്പയുടെ നിലപാട്.

Also read: