17/04/2026
[fontresizer_tawhidurrahmandear_widget]

നടനു വേണ്ടി വിസിൽ അടിക്കാം, പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല, വിജയിനെതിരെ പ്രകാശ് രാജ്

 നടനു വേണ്ടി വിസിൽ അടിക്കാം, പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല, വിജയിനെതിരെ പ്രകാശ് രാജ്

പ്രകാശ് രാജ്, വിജയ്

ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. സിനിമയിൽ വിജയ്ക്ക് ഒരു ഡോക്ടറോ എൻജിനീയറോ മുഖ്യമന്ത്രിയോ ആകാം, എന്നാൽ തമിഴ്‌നാട് പല പ്രശ്നങ്ങളും നേരിട്ടപ്പോൾ വിജയ് എവിടെയായിരുന്നുവെന്ന് പ്രകാശ് രാജ് ചോദിച്ചു. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും സിനിമയിൽ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാൽ ഉടൻ മുഖ്യമന്ത്രിയാകാമെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നടനു വേണ്ടി വിസിൽ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല’ എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ആരാധകരുടെ വിശ്വസ്തത ഉപയോഗപ്പെടുത്തുന്ന അഭിനേതാക്കളെക്കുറിച്ച് സംസാരിക്കവെയായിരുന്നു വിജയ്‌ക്കെതിരെയുള്ള വിമർശനം. ഇത് എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും തമ്മിലുള്ള തിരഞ്ഞെടുപ്പല്ലെന്നും ഐക്യത്തിനും വിഭജനത്തിനും ഇടയിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി പളനിയിൽ സി.പി.ഐ.എം സ്ഥാനാർത്ഥി എൻ. പാണ്ടിക്കുവേണ്ടി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ‘ഒരു നടനിൽ കാണുന്ന സൗഹൃദമോ പ്രണയമോ അല്ല രാഷ്ട്രീയം. ആളുകൾ കൊടും ചൂടിൽ ക്യൂ നിന്നു, കട്ടൗട്ടുകൾ സ്ഥാപിച്ചു, ടിക്കറ്റുകൾ വാങ്ങി, വീടും ജോലിയും അവഗണിച്ചു. ഇപ്പോൾ നിങ്ങൾ ഇതെല്ലാം നിങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിനായി ഉപയോഗിക്കുകയാണോ?’ എന്ന് പ്രകാശ് രാജ് ചോദിച്ചു. ‘രാഷ്ട്രീയം വേറെ, സിനിമ വേറെ. ആ സ്‌നേഹം വേറെ, ഈ ഉത്തരവാദിത്തം വേറെ’ എന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വാക്പോര് കടുക്കുകയാണ്. പ്രാദേശിക വാദം ഉയർത്തി ഡി.എം.കെ മുന്നണി പ്രചാരണം നടത്തുമ്പോൾ, കേന്ദ്രമന്ത്രിമാരെയും ബി.ജെ.പി മുഖ്യമന്ത്രിമാരെയും ഇറക്കി കളം പിടിക്കാനാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്.

Also read: