21/04/2026
[fontresizer_tawhidurrahmandear_widget]

‘നെതന്യാഹു ഹംഗറിയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും’; മുന്നറിയിപ്പുമായി നിയുക്ത പ്രധാനമന്ത്രി പീറ്റർ മഗ്യാർ

 ‘നെതന്യാഹു ഹംഗറിയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും’; മുന്നറിയിപ്പുമായി നിയുക്ത പ്രധാനമന്ത്രി പീറ്റർ മഗ്യാർ

ബുഡാപെസ്റ്റ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തെത്തിയാൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് വ്യക്തമാക്കി നിയുക്ത ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാർ. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) നിന്ന് പിന്മാറാനുള്ള മുൻ സർക്കാരിന്റെ തീരുമാനം റദ്ദാക്കുമെന്നും കോടതിയുടെ വാറന്റുകൾ നടപ്പാക്കാൻ രാജ്യം ബാധ്യസ്ഥമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹംഗറി സന്ദർശിക്കാൻ നെതന്യാഹുവിനെ ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് മഗ്യാറിന്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

16 വർഷം ഹംഗറി ഭരിച്ച വിക്ടർ ഒർബാനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ പീറ്റർ മഗ്യാറിന്റെ പുതിയ നീക്കം യൂറോപ്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ഗസ്സയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ നെതന്യാഹുവിനെതിരെ ഐസിസി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് അവഗണിച്ച ഒർബാന്റെ നയമാണ് ഇതോടെ തിരുത്തപ്പെടുന്നത്.

1956-ലെ ഹംഗേറിയൻ വിപ്ലവത്തിന്റെ 70-ാം വാർഷികാഘോഷങ്ങളിലേക്ക് ലോകനേതാക്കളെ ക്ഷണിച്ച കൂട്ടത്തിൽ നെതന്യാഹുവിനെയും താൻ ക്ഷണിച്ചിട്ടുണ്ടെന്ന് മഗ്യാർ സ്ഥിരീകരിച്ചു. എന്നാൽ, ഒരു രാജ്യം ഐസിസിയിൽ അംഗമാണെങ്കിൽ, ആ രാജ്യത്തിന്റെ മണ്ണിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഒരാൾ എത്തിയാൽ അയാളെ അറസ്റ്റ് ചെയ്യുക എന്നത് നിയമപരമായ ബാധ്യതയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

‘എല്ലാ രാഷ്ട്രത്തലവന്മാർക്കും ഇവിടുത്തെ നിയമസാഹചര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുമെന്ന് ഞാൻ കരുതുന്നു. വിവേചനമില്ലാതെ എല്ലാ രാഷ്ട്രത്തലവന്മാരെയും കാണാൻ ഞാൻ തയാറാണ്. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല’, മഗ്യാർ വ്യക്തമാക്കി.

ലോക രാഷ്ട്രത്തലവന്മാരിൽ നെതന്യാഹുവിന്റെ ഉറ്റസുഹൃത്തുക്കളിൽ ഒരാളാണ് വിക്ടർ ഒർബാൻ. 2025ൽ നെതന്യാഹു ഹംഗറി സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയിരുന്നു. ഐസിസി രാഷ്ട്രീയ കോടതിയായി മാറിയെന്ന് ആരോപിച്ച ഒർബാൻ, ഹംഗറിയെ കോടതിയിൽനിന്ന് പിൻവലിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ മാസം ജൂണിൽ പൂർത്തിയാകേണ്ടിയിരുന്ന പിന്മാറ്റ നടപടികൾ താൻ തടയുമെന്നും ഹംഗറി ഐസിസിയിൽ അംഗമായി തുടരുമെന്നും മഗ്യാർ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

2024 നവംബറിലാണ് ഗസ്സയിലെ സൈനിക നടപടികളുമായി ബന്ധപ്പെട്ട് യുദ്ധക്കുറ്റങ്ങൾ ചുമത്തി ബെഞ്ചമിൻ നെതന്യാഹുവിനും അന്നത്തെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റോം ചട്ടത്തിൽ ഒപ്പിട്ടിട്ടുള്ള രാജ്യങ്ങളെല്ലാം വാറന്റ് നടപ്പാക്കാൻ ബാധ്യസ്ഥരാണ്.

Also read: