22/04/2026
[fontresizer_tawhidurrahmandear_widget]

‘വീട്ടിലേക്ക് ചക്ക വീഴുന്നു; കലക്ടർക്ക് കൊടുത്ത പരാതികളിൽ പരിഹാരമില്ല’; മന്ത്രിമാരുടെ വാർത്താസമ്മേളനം മുടക്കി യുവതി

 ‘വീട്ടിലേക്ക് ചക്ക വീഴുന്നു; കലക്ടർക്ക് കൊടുത്ത പരാതികളിൽ പരിഹാരമില്ല’; മന്ത്രിമാരുടെ വാർത്താസമ്മേളനം മുടക്കി യുവതി

തൃശ്ശൂർ: തൃശ്ശൂർ കളക്‌ടറേറ്റിൽ മന്ത്രിമാർ പങ്കെടുത്ത വാർത്താസമ്മേളനം തടസ്സപ്പെടുത്തി യുവതിയുടെ വേറിട്ട പ്രതിഷേധം. മന്ത്രിമാരായ വി.എൻ വാസവൻ, ആർ ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പാണ് യുവതി നാടകീയമായി പ്രതിഷേധവുമായി എത്തിയത്. വീട്ടിൽ ഒരു മരത്തിൽ നിന്ന് ചക്ക വീഴുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കളക്ടർക്ക് നൽകിയ പരാതികളിൽ നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

വാർത്താസമ്മേളനം നിശ്ചയിച്ചിരുന്ന പിആർ ചേമ്പറിൽ ക്യാമറകൾക്ക് മുന്നിൽ നിലയുറപ്പിച്ച യുവതി, തനിക്ക് നീതി ലഭിക്കാതെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. വെടിക്കെട്ടുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും തന്റെ വ്യക്തിപരമായ പരാതിയിൽ അധികൃതർ കാലങ്ങളായി അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ചു.

മന്ത്രി ആർ ബിന്ദു നേരിട്ട് ഇടപെട്ട് പരാതി പരിഹരിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും യുവതി പിന്മാറാൻ തയ്യാറായില്ല. മന്ത്രിമാരും മാധ്യമപ്രവർത്തകരും അഭ്യർത്ഥിച്ചിട്ടും പ്രതിഷേധം തുടർന്നതോടെ മന്ത്രിമാർ താത്കാലികമായി അവിടെനിന്നും മാറിനിന്നു. ഒടുവിൽ വനിതാ പോലീസെത്തി യുവതിയെ നീക്കം ചെയ്ത ശേഷമാണ് വാർത്താസമ്മേളനം തുടരാനായത്.

Also read: