‘എന്നെ സ്വാഗതം ചെയ്തവൻ; അവനും ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു’; ലബനാനിലെ മുസ്‍ലിം ബാലന്റെ ചിത്രം ഉയർത്തിപ്പിടിച്ച് ലിയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: ഇസ്രയേലും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ പിടഞ്ഞുവീഴുന്ന നിഷ്‌കളങ്കരായ കുട്ടികളുടെയും നിരപരാധികളുടെയും ഓർമ പുതുക്കി മാർപാപ്പ. ലബനാനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുസ്ലിം ബാലന്റെ ചിത്രം മാധ്യമപ്രവർത്തകർക്ക് നേരെ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം യുദ്ധവിരുദ്ധ നിലപാട് ആവർത്തിച്ചത്.
‘ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. കഴിഞ്ഞ നവംബറിൽ ഞാൻ ലബനാൻ സന്ദർശിച്ചപ്പോൾ ‘വെൽക്കം പോപ്പ് ലിയോ’ എന്ന പ്ലക്കാർഡുമായി എന്നെ സ്വീകരിക്കാൻ നിന്നവനാണിവൻ. എന്നാൽ, ഈ യുദ്ധം അവനെയും കൊന്നുകളഞ്ഞു,’ വികാരാധീനനായി മാർപാപ്പ പറഞ്ഞു.
യുദ്ധം കേവലം രാഷ്ട്രീയമല്ലെന്നും അത് ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെയാണ് ഇല്ലാതാക്കുന്നതെന്നും മാർപാപ്പ ഓർമിപ്പിച്ചു. ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലെ 11 ദിവസത്തെ പര്യടനം കഴിഞ്ഞ് റോമിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുദ്ധത്തിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും നിരപരാധികളാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങളെ മാർപാപ്പ വിമർശിച്ചു. ഭരണമാറ്റത്തേക്കാൾ പ്രധാനം മനുഷ്യജീവനാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാന ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം ആവർത്തിച്ചു. യുദ്ധവിരുദ്ധ നിലപാടിന്റെ പേരിൽ ട്രംപ് തന്നെ സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ സുവിശേഷം പ്രസംഗിക്കാനാണ് വിളിക്കപ്പെട്ടതെന്നും രാഷ്ട്രീയത്തിന് ഉപരിയായി മാനുഷിക മൂല്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം മറുപടി നൽകി.
യുദ്ധം മൂലം വീടും നാടും നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന അഭയാർത്ഥികളോട് രാജ്യങ്ങൾ ക്രൂരമായി പെരുമാറരുതെന്ന് പോപ്പ് അഭ്യർത്ഥിച്ചു. അവരെ മൃഗങ്ങളെപ്പോലെയല്ല, സഹോദരങ്ങളെപ്പോലെ കാണണം. അതിർത്തികൾ സംരക്ഷിക്കാൻ രാജ്യങ്ങൾക്ക് അവകാശമുണ്ടെങ്കിലും മാനുഷിക അന്തസ്സ് മറക്കരുതെന്ന് ലിയോ മാർപാപ്പ ഓർമിപ്പിച്ചു.