റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം മേയിൽ ഇന്ത്യയിലെത്തും; രാജസ്ഥാനിൽ വിന്യസിച്ചേക്കും
ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകരുന്ന റഷ്യയുടെ അത്യാധുനിക എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ നാലാം ബാച്ച് മെയ് പകുതിയോടെ രാജ്യത്തെത്തും. റഷ്യയിൽ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ നടത്തിയ പ്രീ-ഡിസ്പാച്ച് പരിശോധനകൾ പൂർത്തിയായതായും രാജസ്ഥാൻ സെക്ടറിലാകും പുതിയ സംവിധാനം വിന്യസിക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ഈ വിന്യാസം ഇന്ത്യയെ സഹായിക്കും. ഓപറേഷൻ സിന്ദൂരിന്റെ വാർഷികത്തോടനുബന്ധിച്ചാണ് നിർണായക കൈമാറ്റം നടക്കുന്നത്. യുദ്ധസമയത്ത് മികച്ച പ്രവർത്തനക്ഷമത തെളിയിച്ച എസ്-400 സംവിധാനം വഴി ഇതിനകം തന്നെ നിരവധി ശത്രു വ്യോമ ഭീഷണികളെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
നിലവിലെ കരാറിലെ അഞ്ചാമത്തെയും അവസാനത്തെയും യൂണിറ്റ് ഈ വർഷം നവംബറിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ അഞ്ച് എസ്-400 സംവിധാനങ്ങൾ കൂടി വാങ്ങുന്നതിന് ഇന്ത്യൻ സർക്കാർ നേരത്തെ അംഗീകാരം നൽകിയിരുന്നു. പാകിസ്ഥാനിലെ സിന്ധുനദിയുടെ കിഴക്കൻ മേഖലകൾ ഉൾപ്പെടെ 400 കിലോമീറ്റർ പരിധിയിലുള്ള ശത്രുവിമാനങ്ങളെയും മിസൈലുകളെയും തകർക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം. ഓപറേഷൻ സിന്ദൂരിൽ ഉപയോഗിച്ച മിസൈലുകളുടെ ശേഖരം വർധിപ്പിക്കുന്നതിനായി 280 ഹ്രസ്വ-ദീർഘദൂര മിസൈലുകൾ വാങ്ങാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. പ്രതിരോധ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തോടെ എസ്-400 സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി എംആർഒ സൗകര്യം ഇന്ത്യയിൽ തന്നെ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്.
റഷ്യയിൽ നിന്ന് 12 പാന്റ്സിർ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനൊപ്പം ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി 40 എണ്ണം ആഭ്യന്തരമായി നിർമിക്കാനും ലക്ഷ്യമിടുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ നിർദേശങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ എസ്-400 മിസൈലുകൾക്ക് പുറമെ ധനുഷ് ഗൺ സിസ്റ്റം, നിരീക്ഷണ ഡ്രോണുകൾ, പുതിയ ഗതാഗത വിമാനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ആധുനികവൽക്കരണത്തിന്റെ ഭാഗമായി പഴക്കമേറിയ വിമാനങ്ങൾക്ക് പകരം അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി സേനയുടെ കരുത്ത് വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.