‘അമേരിക്കയെ ഒന്നാകെയാണ് ഇറാൻ നിർത്തി അപമാനിക്കുന്നത്’; വിമർശനവുമായി ജർമൻ ചാൻസലർ
ബെർലിൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയുടെ നയതന്ത്ര പരാജയങ്ങളെയും യുദ്ധതന്ത്രങ്ങളെയും അതിരൂക്ഷമായി വിമർശിച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെഴ്‌സ്. ഇറാന്റെ നയതന്ത്ര കരുത്തിന് മുന്നിൽ അമേരിക്ക എന്ന വൻശക്തി ലോകത്തിന് മുന്നിൽ അപമാനിക്കപ്പെടുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടം കടുത്ത നയതന്ത്ര വെല്ലുവിളിയാണ് നേരിടുന്നത്. ഇറാന്റെ നേതൃത്വം അമേരിക്കയെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘർഷത്തിൽനിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാതെ ട്രംപ് ഭരണകൂടം കുഴങ്ങുകയാണെന്നും ജർമൻ ചാൻസലർ വിമർശിച്ചു.
കഴിഞ്ഞ ദിവസം മാർസ്ബർഗിലെ ഒരു വിദ്യാലയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കവേയായിരുന്നു മെഴ്‌സിന്റെ ഈ അസാധാരണ പരാമർശങ്ങൾ.
നയതന്ത്ര ചർച്ചകളിൽ ഇറാന്റെ മികവിനെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ‘ഇറാനികൾ നയതന്ത്ര ചർച്ചകളിൽ അതീവ നൈപുണ്യമുള്ളവരാണ്. അല്ലെങ്കിൽ ചർച്ചകൾ നടത്താതിരിക്കുന്നതിൽ അവർ വിദഗ്ധരാണ്. അമേരിക്കൻ ഉദ്യോഗസ്ഥരെ പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് ചർച്ചയ്ക്കായി വിളിപ്പിക്കുകയും, എന്നാൽ യാതൊരു ഫലവുമില്ലാതെ അവരെ തിരിച്ചയക്കുകയും ചെയ്യുന്നതിലൂടെ ഒരു രാജ്യത്തെ മുഴുവൻ അവർ അപമാനിക്കുകയാണ് ചെയ്തത്,’ മെഴ്‌സ് പറഞ്ഞു.
വൈറ്റ് ഹൗസിനെ നയതന്ത്ര മേശയിൽ തളച്ചിടാൻ ഇറാന്റെ നേതൃത്വത്തിന് സാധിച്ചുവെന്നും അദ്ദേഹം നിരീക്ഷിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധ തന്ത്രങ്ങളെയും മെർസ് ചോദ്യം ചെയ്തു. ‘ഇറാന്റെ പ്രഹരശേഷി പ്രതീക്ഷിച്ചതിലും ശക്തമാണ്. ഈ യുദ്ധത്തിലേക്ക് പ്രവേശിക്കുന്നത് പോലെ എളുപ്പമല്ല അവിടെനിന്ന് പുറത്തുകടക്കുന്നത് എന്ന് നമ്മൾ അഫ്ഗാനിസ്ഥാനിലും ഇറാഖിലും കണ്ടതാണ്. ഇറാനിലും ഇതേ അവസ്ഥയാണ് അമേരിക്ക നേരിടുന്നത്,’ ചാൻസലർ മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ ആക്രമണം ആരംഭിക്കുന്നതിന് മുൻപ് യൂറോപ്യൻ രാജ്യങ്ങളുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്തിയിരുന്നില്ലെന്ന അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. നേരത്തെ വിവരം അറിഞ്ഞിരുന്നെങ്കിൽ നീക്കം തടയുമായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് വ്യക്തമായ പദ്ധതിയോ കാഴ്ചപ്പാടോ ഇല്ല. യുദ്ധം കാരണം ജർമൻ സമ്പദ്വ്യവസ്ഥയ്ക്കും നികുതിപ്പണത്തിനും വൻ നഷ്ടമുണ്ടാകുന്നു. യുദ്ധം അവസാനിച്ചാൽ എണ്ണക്കടത്ത് പാത സുരക്ഷിതമാക്കാൻ ജർമനി സഹകരിക്കുമെന്നും മേഴ്‌സ് കൂട്ടിച്ചേർത്തു.