മധ്യസ്‌ഥനായി വന്ന് അമേരിക്കയ്ക്ക് എട്ടിന്റെ പണി; ഉപരോധം മറികടക്കാൻ ഇറാന് 6 വ്യാപാരപാതകൾ തുറന്ന് പാകിസ്താൻ
ഇസ്‌ലമാബാദ്: ഇറാൻ-യുഎസ് തർക്കം രൂക്ഷമായിരിക്കെ, ഇറാനുമേലുള്ള അമേരിക്കൻ ഉപരോധങ്ങളെ അപ്രസക്തമാക്കി പുതിയ നീക്കവുമായി പാക്കിസ്താൻ. മധ്യസ്ഥനെന്ന നിലയിൽ ഇടപെടലുകൾ നടത്തുന്നതിനിടെ തന്നെ, ഇറാനുമായി ആറ് പുതിയ കരവ്യാപാര പാതകൾ പാകിസ്താൻ തുറന്നു. ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്ക ഇറാനുമേൽ സാമ്പത്തിക-നാവിക ഉപരോധങ്ങൾ കടുപ്പിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ തന്ത്രപരമായ ഇടപെടൽ.
ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, കടൽമാർഗമുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ പാക്ക് തീരക്കടൽ വഴിയുള്ള യാത്രയ്ക്കും ഇസ്‌ലമാബാദ് അനുമതി നൽകിയിട്ടുണ്ട്. ഇറാന്റെ തീരക്കടലിൽ നിന്നും അന്താരാഷ്ട്ര ജലരൂപങ്ങളിലേക്ക് കടക്കാതെ തന്നെ പാകിസ്താന്റെ മക്രാൻ തീരം വഴി അറബിക്കടലിൽ പ്രവേശിക്കാൻ കപ്പലുകൾക്ക് സാധിക്കും. ഇത് ഇറാനിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് വലിയ ആശ്വാസമാകും. കൂടാതെ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ പാക്ക് തുറമുഖങ്ങളിൽ ഇറക്കി റോഡ് മാർഗം അതിർത്തി കടത്താനും പാക്കിസ്താൻ വാണിജ്യ മന്ത്രാലയം അനുമതി നൽകി.
ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയും ഗദ്വാർ തുറമുഖവും പ്രയോജനപ്പെടുത്തി പ്രാദേശിക സ്വാധീനം വർധിപ്പിക്കാനാണ് ഇസ്‌ലമാബാദ് ലക്ഷ്യമിടുന്നത്. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം നിലനിർത്തുന്നതിനോടൊപ്പം തന്നെ, സ്വന്തം സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് പാക്കിസ്താൻ ശ്രമിക്കുന്നത്. എന്നാൽ ഈ നീക്കം വാഷിങ്ടണുമായുള്ള പാക്കിസ്താന്റെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ നിർണായകമാകും.