30/04/2026
[fontresizer_tawhidurrahmandear_widget]

യുഎസ്എസ് ജെറാൾഡ് ഫോർഡിന് നാണംകെട്ട മടക്കം; പശ്ചിമേഷ്യൻ ദൗത്യം പാതിവഴിയിൽ നിർത്തി അമേരിക്കയിലേക്ക്

 യുഎസ്എസ് ജെറാൾഡ് ഫോർഡിന് നാണംകെട്ട മടക്കം; പശ്ചിമേഷ്യൻ ദൗത്യം പാതിവഴിയിൽ നിർത്തി അമേരിക്കയിലേക്ക്

വാഷിങ്ടൺ/തെഹ്‌റാൻ: ലോകത്തെ ഏറ്റവും നൂതനമായ വിമാനവാഹിനിക്കപ്പലെന്ന ഖ്യാതിയോടെ പശ്ചിമേഷ്യൻ കടലിൽ വിന്യസിച്ച യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പരാജയഭാരത്തോടെ മടങ്ങുന്നു. ഇറാന്റെ കരുത്തിന് മുന്നിൽ പതറിയും ആഭ്യന്തരമായ സാങ്കേതിക തകരാറുകളിൽ വലഞ്ഞും പത്തുമാസം നീണ്ട ദൗത്യം പാതിവഴിയിൽ അവസാനിപ്പിച്ചാണ് അമേരിക്കയുടെ ഈ കൂറ്റൻ പടക്കപ്പൽ നാട്ടിലേക്ക് തിരിക്കുന്നത്. വാഷിങ്ടൺ പോസ്റ്റ് ആണ് കപ്പൽ അമേരിക്കയിലേക്കു മടങ്ങുന്നതായുള്ള വാർത്ത പുറത്തുവിട്ടത്.

309 ദിവസം തുടർച്ചയായി കടലിൽ ചെലവഴിച്ച് റെക്കോർഡ് ഇട്ടെങ്കിലും കപ്പലിനുള്ളിലെ അവസ്ഥ ദയനീയമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കപ്പലിലെ ലോൺട്രി റൂമിലുണ്ടായ തീപിടിത്തത്തിൽ കപ്പലിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി നാവികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ കപ്പലിലെ ടോയ്ലെറ്റ് സംവിധാനങ്ങൾ നിരന്തരം പ്രവർത്തനരഹിതമാകുന്നതും നാവികരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ വലച്ചു. ഇത്രയും വലിയൊരു യുദ്ധക്കപ്പലിന് ഇത്തരം നിസ്സാരമെന്ന് തോന്നാവുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ കഴിയാത്തത് അമേരിക്കൻ നാവികസേനയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ സ്തംഭനാവസ്ഥയിൽ നിൽക്കുമ്പോഴാണ് പിൻവാങ്ങൽ എന്നതും ശ്രദ്ധേയമാണ്. ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഫോർഡിന്റെ മടക്കം മേഖലയിലെ അമേരിക്കൻ സൈനിക പ്രഹരശേഷിയെ ബാധിക്കും. ഇറാൻ തങ്ങളുടെ മിസൈൽ-ഡ്രോൺ കരുത്ത് വർധിപ്പിക്കുകയും യുദ്ധത്തിൽ തകർന്ന പ്രതിരോധ സന്നാഹങ്ങളെല്ലാം തിരിച്ചുപിടിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ, തകരാറിലായ ഫോർഡിനെ നിലനിർത്തുന്നത് അപകടമാണെന്ന് പെന്റഗൺ വിലയിരുത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെയും സൈനിക നേതൃത്വത്തെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തുടരുന്നതിനിടെ, മുജ്തബ ഖാംനഇയുടെ കീഴിലുള്ള ഇറാൻ പ്രതിരോധം അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഫോർഡ് മടങ്ങുന്നതോടെ യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ബുഷ് എന്നീ കപ്പലുകൾ മാത്രമാകും മേഖലയിൽ അവശേഷിക്കുക.

നീണ്ട വിന്യാസം മൂലം കപ്പലിന്റെയും നാവികരുടെയും പ്രവർത്തനക്ഷമത കുറഞ്ഞതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സമ്മതിച്ചു. വിർജീനിയയിലെ തുറമുഖത്ത് എത്തുന്ന കപ്പൽ മാസങ്ങൾ നീളുന്ന വിപുലമായ അറ്റകുറ്റപ്പണികൾക്ക് വിധേയമാക്കേണ്ടി വരും. അമേരിക്കൻ കോൺഗ്രസ്സിലും കപ്പലിന്റെ പരാജയത്തെക്കുറിച്ച് വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

Also read: