‘തല മുതൽ അടിവസ്ത്രം വരെ നനഞ്ഞു; സീറ്റ് മാറ്റാൻ പോലും തയ്യാറായില്ല’: എയർലൈൻസിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരൻ
വാഷിങ്ടൺ: വിമാനത്തിനുള്ളിൽ സീലിങ്ങിൽ നിന്ന് അജ്ഞാത ദ്രാവകം വീണ് യാത്രക്കാരൻ നനഞ്ഞു കുതിർന്ന സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഹൂസ്റ്റണിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള യാത്രയ്ക്കിടെ സിൻസിനാറ്റി സ്വദേശിയായ കെവിൻ ഗ്ലോവർ എന്ന 39-കാരനാണ് ദുരനുഭവം ഉണ്ടായത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് സീലിങ്ങിലെ വിടവിലൂടെ ദ്രാവകം കെവിന്റെ തലയിലേക്ക് പതിക്കുകയായിരുന്നു.
എയർ കണ്ടീഷൻ കണ്ടൻസേഷൻ മൂലമുണ്ടായ വെള്ളമാണിതെന്ന് കരുതപ്പെടുന്നു. “തല മുതൽ അടിവസ്ത്രം വരെ താൻ നനഞ്ഞു കുതിർന്നു” എന്നും യാത്രയിലുടനീളം ചോർച്ച തുടർന്നതായും കെവിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. സഹായത്തിനായി ജീവനക്കാരെ വിളിച്ചെങ്കിലും വൈകിയാണ് എത്തിയതെന്നും, സീറ്റ് മാറ്റി നൽകുന്നതിന് പകരം പേപ്പർ ടവലുകൾ നൽകി ചോർച്ച അടയ്ക്കാനാണ് അവർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവം വിവാദമായതോടെ യുണൈറ്റഡ് എയർലൈൻസ് 167 ഡോളർ റീഫണ്ട് വാഗ്ദാനം ചെയ്തെങ്കിലും കെവിൻ അത് നിരസിച്ചു. ടിക്കറ്റ് തുക പൂർണമായും മടക്കി നൽകണമെന്നും മതിയായ നഷ്ടപരിഹാരം വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. വിമാനത്തിലെ സാങ്കേതിക തകരാറുകളെയും ജീവനക്കാരുടെ മനോഭാവത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.