11/05/2026
[fontresizer_tawhidurrahmandear_widget]

സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പിന്തുണ തേടി വിജയ്; കെ.സി വേണുഗോപാലിന് കത്തയച്ചു

 സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പിന്തുണ തേടി വിജയ്; കെ.സി വേണുഗോപാലിന് കത്തയച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന തമിഴക വെട്രി കഴകം(ടിവികെ) സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ തേടി പാർട്ടി അധ്യക്ഷൻ വിജയ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് കത്തയച്ചതായി റിപ്പോർട്ട്. തമിഴ്നാട്ടിൽ സഖ്യസർക്കാർ രൂപീകരിക്കുന്നതിനായി കോൺഗ്രസിന്റെ പിന്തുണയാണ് വിജയ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഭരണം പിടിക്കാൻ ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നിർണായക ശക്തിയായ കോൺഗ്രസിനെ വിജയ് കൂട്ടുപിടിക്കുന്നത്. നിലവിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസിനെ അടർത്തിമാറ്റി തങ്ങളുടെ പക്ഷത്തെത്തിക്കാനാണ് വിജയ്യുടെ നീക്കം.

തമിഴ്നാടിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഭരണത്തിൽ പങ്കാളികളാകാമെന്നും വിജയ് കത്തിലൂടെ വാഗ്ദാനം ചെയ്യുന്നു. കോൺഗ്രസ് സഖ്യത്തിന് തയാറാകുകയാണെങ്കിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകാമെന്ന വാഗ്ദാനം വിജയ് മുന്നോട്ടുവെച്ചതായാണ് സൂചന. ഡിഎംകെ സഖ്യത്തിൽ കോൺഗ്രസ് നേരിടുന്ന അവഗണനകൾ ചൂണ്ടിക്കാട്ടിയാണ് വിജയ്യുടെ നീക്കം.

വിജയ്യുടെ കത്ത് ലഭിച്ച കാര്യം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ ചുമതലയുള്ള നേതാക്കളുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തിയ ശേഷമാകും കോൺഗ്രസ് അന്തിമ തീരുമാനമെടുക്കുക. വരും മണിക്കൂറുകളിൽ കെ.സി വേണുഗോപാലുമായുള്ള വിജയ്‌യുടെ കൂടിക്കാഴ്ച ചെന്നൈയിലോ ഡൽഹിയിലോ നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വിജയ്യുടെ നീക്കം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനമാകും സൃഷ്ടിച്ചിരിക്കുക. ഡിഎംകെ സഖ്യത്തിൽ വിള്ളലുണ്ടാക്കി കോൺഗ്രസിനെ ഭരണത്തിലെത്തിക്കാൻ വിജയ്ക്ക് സാധിച്ചാൽ അത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.

Also read: