11/05/2026
[fontresizer_tawhidurrahmandear_widget]

22 യൂറോപ്യൻ രാജ്യങ്ങളെ ബന്ധിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ മെട്രോ വരുന്നു

 22 യൂറോപ്യൻ രാജ്യങ്ങളെ ബന്ധിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ മെട്രോ വരുന്നു

ഏഥൻസ്: യൂറോപ്പിലെ 22 രാജ്യങ്ങളെ ബന്ധിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ മെട്രോ ശ്യംഖല വരുന്നു. കോപ്പൻഹേഗൻ ആസ്ഥാനമായുള്ള ‘ട്വന്റി ഫസ്റ്റ് യൂറോപ്’ എന്ന തിങ്ക് ടാങ്ക് മുന്നോട്ടുവെച്ച ‘സ്റ്റാർലൈൻ’ എന്ന ഈ പദ്ധതി, 22 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 39 നഗരങ്ങളെ ഒരൊറ്റ അതിവേഗ റെയിൽ ശൃംഖല വഴി ബന്ധിപ്പിക്കാനാണ് വിഭാവനം ചെയ്യുന്നത്. ഏകദേശം 22,000 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ ശൃംഖല ഒരു മെട്രോ സിസ്റ്റത്തിന്റെ മാതൃകയിലായിരിക്കും പ്രവർത്തിക്കുക. നിലവിൽ വിമാനയാത്രയെ ആശ്രയിക്കുന്ന പല ദീർഘദൂര യാത്രകളും ഈ മെട്രോ വരുന്നതോടെ ട്രെയിൻ വഴി വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. മണിക്കൂറിൽ 300 മുതൽ 400 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകളാണ് ഈ പദ്ധതിക്കായി ഉപയോഗിക്കുക.

പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമെന്ന നിലയിൽ, വായുമലിനീകരണം കുറയ്ക്കാനും യൂറോപ്പിന്റെ നെറ്റ്‌സീറോ ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ പദ്ധതി സഹായിക്കും. ഏകദേശം 490 ബില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഈ മെഗാ പ്രോജക്റ്റ് 2040ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സാധാരണ ട്രെയിനുകളിലെ ക്ലാസ് തിരിവുകൾക്ക് പകരം, കുടുംബങ്ങൾക്കും ജോലി ചെയ്യുന്നവർക്കും വിശ്രമിക്കാനാഗ്രഹിക്കുന്നവർക്കും പ്രത്യേക സൗകര്യങ്ങളുള്ള അത്യാധുനിക ബോഗികളാണ് ഇതിൽ ഉണ്ടാകുക. വിവിധ രാജ്യങ്ങളുടെ അതിർത്തികൾ കടന്നുള്ള യാത്രകൾ സുഗമമാക്കാൻ ഏകീകൃത ടിക്കറ്റിംഗ് സംവിധാനവും ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. യൂറോപ്പിലെ ചിതറിക്കിടക്കുന്ന റെയിൽ സംവിധാനങ്ങളെ ഏകോപിപ്പിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്ന ഈ പദ്ധതി ആധുനിക ഗതാഗത ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറും.

നിലവിൽ പല രാജ്യങ്ങളിലും പലതരത്തിലുള്ള റെയിൽ സംവിധാനങ്ങളാണ് ഉള്ളത്. ഇത് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. എന്നാൽ പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലണ്ടനിൽ നിന്ന് ഇസ്താംബുൾ വരെയോ അല്ലെങ്കിൽ പാരിസിൽ നിന്ന് മറ്റു പ്രധാന യൂറോപ്യൻ നഗരങ്ങളിലേക്കോ വളരെ വേഗത്തിലും തടസ്സമില്ലാതെയും യാത്ര ചെയ്യാൻ സാധിക്കും

Also read: