അഭിഭാഷകൻ കൊല്ലപ്പെട്ട കേസ്: സനാതനി നേതാവ് സ്വാമി ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ബംഗ്ലാദേശ് ഹൈക്കോടതി തളളി
ധാക്ക: ബംഗ്ലാദേശിലെ സനാതനി നേതാവും ഹിന്ദു സന്യാസിയുമായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 2024ൽ ചിറ്റഗോങ് കോടതി പരിസരത്തുണ്ടായ സംഘർഷത്തിനിടെ അഭിഭാഷകനായ സൈഫുൽ ഇസ്ലാം അലിഫ് കൊല്ലപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. ജസ്റ്റിസ് കെ.എം. സാഹിദ് സർവാർ, ജസ്റ്റിസ് ഷെയ്ഖ് അബു താഹർ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇദ്ദേഹത്തിനെതിരെയുള്ള മറ്റ് നാല് കേസുകളിൽ നാളെ വിധി പറയുമെന്നും കോടതി അറിയിച്ചു.
നേരത്തെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ചിന്മയ് കൃഷ്ണ ദാസിനെ കോടതിയിൽ ഹാജരാക്കിയ സമയത്താണ് വലിയ തോതിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറിയത്. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ‘ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗരൺ ജോട്ട്’ എന്ന സംഘടനയുടെ വക്താവാണ് അദ്ദേഹം. ദേശീയ പതാകയെ അവഹേളിച്ചു എന്നാരോപിച്ചാണ് 2024 നവംബറിൽ ഇദ്ദേഹത്തെ ധാക്ക വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അഭിഭാഷകന്റെ കൊലപാതകം ഉൾപ്പെടെയുള്ള ഗൗരവകരമായ കേസുകൾ ഇദ്ദേഹത്തിന് മേൽ ചുമത്തപ്പെടുകയായിരുന്നു. നിലവിൽ അദ്ദേഹം ജയിലിൽ തുടരുകയാണ്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ കേസിൽ, പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ കോടതി നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ചിന്മയ് കൃഷ്ണ ദാസിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചത്. എന്നാൽ സർക്കാർ അഭിഭാഷകർ ഈ നീക്കത്തെ ശക്തമായി എതിർത്തതോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഈ കേസിന്റെ തുടർനടപടികൾ വരും ദിവസങ്ങളിലും ഏറെ നിർണ്ണായകമായിരിക്കുമെന്നാണ് സൂചന.