‘ആഴ്ചയിൽ രണ്ട് ദിവസം സമ്പൂർണ വർക്ക് ഫ്രം ഹോം, ആഴ്ചയിൽ ഒരു ദിവസം നോ വെഹിക്കിൾ ഡേ’; പ്രഖ്യാപനവുമായി ഡൽഹി സർക്കാർ
ന്യൂഡൽഹി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ സംരക്ഷണത്തിനുമായി നിർണായക പ്രഖ്യാപനങ്ങളുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ആഴ്ചയിൽ രണ്ട് ദിവസം സർക്കാർ ജീവനക്കാർക്ക് സമ്പൂർണ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തിയതാണ് പ്രധാന തീരുമാനം. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ, വിദേശനാണ്യ ശേഖരം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം മുൻനിർത്തിയാണ് സർക്കാർ നടപടി. ഇതിന്റെ ഭാഗമായി ‘എന്റെ ഇന്ത്യ, എന്റെ പങ്കാളിത്തം’ എന്ന പേരിൽ പ്രത്യേക കാമ്പയിനും ഡൽഹിയിൽ ആരംഭിച്ചു.
പുതിയ പരിഷ്കാരമനുസരിച്ച് എല്ലാ തിങ്കളാഴ്ചയും ‘മൺഡേ മെട്രോ’ ആയി ആചരിക്കും. അന്നേ ദിവസം മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ഔദ്യോഗിക വാഹനങ്ങൾ ഒഴിവാക്കി മെട്രോയിൽ യാത്ര ചെയ്യണം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം 60 ശതമാനമായി കുറച്ചു. നിലവിൽ നാല് അകമ്പടി വാഹനങ്ങൾ മാത്രമാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. അടുത്ത ആറ് മാസത്തേക്ക് പുതിയ ഔദ്യോഗിക വാഹനങ്ങൾ വാങ്ങില്ലെന്നും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ജീവനക്കാരുടെ യാത്രാബത്ത 10 ശതമാനം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആഴ്ചയിൽ ഒരു ദിവസം വാഹനങ്ങൾ നിരത്തിലിറക്കാതെ ‘നോ വെഹിക്കിൾ ഡേ’ ആചരിക്കാൻ പൊതുജനങ്ങളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ അടുത്ത ഒരു വർഷത്തേക്ക് മന്ത്രിമാരോ ഉദ്യോഗസ്ഥരോ വിദേശയാത്രകൾ നടത്താൻ പാടില്ല. സർക്കാർ ഓഫീസുകളിലെ എസി താപനില 24-26 ഡിഗ്രി സെൽഷ്യലായി നിജപ്പെടുത്താനും വൈദ്യുതി ലാഭിക്കാൻ മാസ്റ്റർ സ്വിച്ചുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. ജീവിതശൈലിയിൽ മാറ്റം വരുത്തുക, സ്വർണം വാങ്ങുന്നത് കുറയ്ക്കുക, വിദേശത്തെ ആഡംബര വിവാഹങ്ങൾ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.