‘വെള്ളം ആവിയായിപ്പോകുന്നു’; കുടിവെള്ള ക്ഷാമത്തിന് വിചിത്ര കാരണവുമായി ഡൽഹി മുഖ്യമന്ത്രി
രേഖ ഗുപ്‌ത
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിന് കാരണം ബാഷ്‌പീകരണമാണെന്ന് കുറ്റപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത. വലിയ പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ നിലവിൽ ഉയർന്നിരിക്കുന്നത്. ബിജെപി യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് രേഖയുടെ വിവാദ പരാമർശം ഉണ്ടായത്.
വേനൽക്കാലത്ത് വെള്ളത്തിന് ആവശ്യം വളരെ കൂടുതലാണെന്നും എന്നാൽ ഉയർന്ന താപനില കുടിവെള്ള വിതരണത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് ഇവരുടെ വാദം. ‘ആളുകൾ കടുത്ത ജലദൗർലഭ്യം നേരിടുകയാണ്. ചൂടിങ്ങനെ കൂടുമ്പോൾ, വിതരണത്തിനായി കൊണ്ടുപോകുന്ന വെള്ളം ബാഷ്‌പീകരിച്ച് പോകുന്നു. അതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
അതിവേഗത്തിലാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ‘മണ്ടത്തരം പറയുന്നതിനൊക്കെ ഒരു പരിധിയില്ലേ’ എന്നായിരുന്നു കോൺഗ്രസ് വക്താവ് രാഗിണി നായകിൻ്റെ പ്രതികരണം. ‘ശാസ്ത്രജ്‌ഞരെപ്പോലെയുള്ള ഒട്ടനവധി മന്ത്രിമാരും മുഖ്യമന്ത്രിമാരും രാജ്യത്തുണ്ടെന്നും ഇതാ കുടിവെള്ള ക്ഷാമം സംബന്ധിച്ച ശാസ്ത്രീയ കണ്ടെത്തലുകളുമായി നമ്മുടെ സ്വന്തം രേഖ ഗുപ്ത’ എന്നായിരുന്നു പ്രശാന്ത് ഭൂഷണിൻ്റെ പരിഹാസം. സമൂഹമാധ്യമങ്ങളിലും രേഖ ഗുപ്തയുടെ വിഡിയോയ്ക്ക് വ്യാപക വിമർശനം നിറയുന്നുണ്ട്.
ബാഷ്പീകരണത്തിലൂടെ നഷ്‌ടമാകുന്ന ജലത്തിന് ഒരു പരിധിയുണ്ടെന്നതാണ് വസ്തുത. കടുത്ത ചൂടിൽ ഡാമുകളിലും തടാകങ്ങളിലും കനാലുകളിലുമുള്ള ജലത്തിന് ബാഷ്പീകരണം സംഭവിക്കാറുണ്ട്. പക്ഷേ നഗരങ്ങളിലെ ജലക്ഷാമം വിതരണത്തിലെ പോരായ്‌മയും പൈപ്പ് പൊട്ടലുകളും അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കൊണ്ടുമെല്ലാമാണ് സംഭവിക്കുന്നത്.