05/09/2026
[fontresizer_tawhidurrahmandear_widget]

10 വർഷത്തിനിടെ പൂട്ടിയത് 94,000 സർക്കാർ സ്‌കൂളുകൾ; ഏറ്റവും കൂടുതൽ യുപിയിലും മധ്യപ്രദേശിലും: നീതി ആയോഗ് റിപ്പോർട്ട്

 10 വർഷത്തിനിടെ പൂട്ടിയത് 94,000 സർക്കാർ സ്‌കൂളുകൾ; ഏറ്റവും കൂടുതൽ യുപിയിലും മധ്യപ്രദേശിലും: നീതി ആയോഗ് റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്ത് 94,000 സ്‌കൂളുകൾ പൂട്ടിയതായി വ്യക്തമാക്കുന്ന നീതി ആയോഗ് റിപ്പോർട്ട് പുറത്ത്. ഇതിനു പുറമെ സർക്കാർ സ്‌കൂളുകൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളിലെ പ്രതിസന്ധിയും റിപ്പോർട്ടിൽ ഉൾപ്പെടുന്നു. ‘സ്‌കൂൾ എജ്യുക്കേഷൻ സിസ്റ്റം ഇൻ ഇന്ത്യ: ടെമ്പറൽ അനാലിസിസ് ആൻഡ് പോളിസി റോഡ്മാപ്പ് ഫോർ ക്വാളിറ്റി എൻഹാസ്‌മെന്റ് എന്ന പേരിൽ പുറത്തിറങ്ങിയ റിപ്പോർട്ടിലെ കണക്കുകൾ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വലിയ പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

രാജ്യത്തുടനീളമുള്ള 1.19 ലക്ഷത്തിലധികം സർക്കാർ സ്‌കൂളുകളിൽ ഇപ്പോഴും പ്രവർത്തനക്ഷമമായ വൈദ്യുതി കണക്ഷൻ ഇല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പെൺകുട്ടികൾക്കായി പ്രത്യേകവും സുരക്ഷിതവുമായ ശുചിമുറികൾ ഇല്ലാത്ത 98,592 സ്‌കൂളുകൾ രാജ്യത്തുണ്ടെന്നത് വിദ്യാർത്ഥിനികളുടെ സുരക്ഷയെയും പഠനത്തെയും ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ്.

ഇതിനുപുറമെ, 61,540 വിദ്യാലയങ്ങളിൽ യാതൊരുവിധത്തിലുള്ള ശുചിമുറി സൗകര്യങ്ങളുമില്ല. പലയിടത്തും തകർന്നുവീഴാറായ കെട്ടിടങ്ങളിലും ഫാനുകൾ പോലുമില്ലാത്ത ക്ലാസ് മുറികളിലുമാണ് കുട്ടികൾ പഠിക്കുന്നത്. രാജ്യത്ത് പൊതുവെയുള്ള വൈദ്യുതീകരണ നിരക്ക് ഒരു പതിറ്റാണ്ട് മുമ്പത്തെ 56 ശതമാനത്തിൽ നിന്ന് 91.9 ശതമാനമായി ഉയർന്നപ്പോഴും വലിയൊരു വിഭാഗം സ്‌കൂളുകൾ ഇപ്പോഴും ഇരുട്ടിലാണ് കഴിയുന്നത്. പതിനാലായിരത്തിലധികം സ്‌കൂളുകളിൽ കുടിവെള്ള സൗകര്യമില്ലെന്നതും അറുപതിനായിരത്തോളം സ്‌കൂളുകളിൽ കൈകഴുകാനുള്ള സംവിധാനങ്ങൾ പോലുമില്ലെന്നതും ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മാത്രമല്ല, അധ്യാപകരുടെ കുറവും വലിയൊരു പ്രതിസന്ധിയാണ്. രാജ്യത്ത് ഒരു ലക്ഷത്തിലധികം (കൃത്യമായി പറഞ്ഞാൽ 1,04,125) സ്‌കൂളുകൾ പ്രവർത്തിക്കുന്നത് വെറും ഒരു അധ്യാപകനെ മാത്രം ആശ്രയിച്ചാണ്. ഇതിൽ 89 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. ഒരൊറ്റ അധ്യാപകൻ തന്നെ ഒന്നിലധികം ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കുകയും സ്‌കൂൾ ഭരണകാര്യങ്ങളും ഉച്ചഭക്ഷണ വിതരണവും ഉൾപ്പെടെയുള്ള ചുമതലകൾ നിർവ്വഹിക്കേണ്ടി വരികയും ചെയ്യുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്നു. അധ്യാപക ക്ഷാമം ഏറ്റവും രൂക്ഷമായ ബിഹാറിൽ മാത്രം പ്രൈമറി തലത്തിൽ രണ്ട് ലക്ഷത്തിലധികം അധ്യാപക ഒഴിവുകളാണുള്ളത്.

ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്‌കൂളുകൾ വ്യാപകമായി പൂട്ടിയത്. സർക്കാർ സ്‌കൂളുകളിലെ ഇത്തരം പോരായ്മകൾ കാരണം രക്ഷിതാക്കൾ കൂട്ടത്തോടെ സ്വകാര്യ സ്‌കൂളുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ സർക്കാർ മേഖലയിലെ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. പ്രാഥമിക തലത്തിൽ കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കുന്നതിൽ രാജ്യം വലിയ മുന്നേറ്റം നടത്തിയെങ്കിലും എട്ടാം ക്ലാസിനോ പത്താം ക്ലാസിനോ ശേഷം പഠനം നിർത്തുന്ന കുട്ടികളുടെ തോത് ഉയർന്നുതന്നെ നിൽക്കുകയാണ്.

Also read: