ചീഫ് ജസ്റ്റിസിന്റെ ‘പാറ്റ’ പരാമർശത്തിൽ പ്രതിഷേധം; വൻ സ്വീകാര്യത നേടി ‘കോക്രോച്ച് ജനതാ പാർട്ടി’; പാര്‍ട്ടിയിൽ ചേര്‍ന്ന് മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് രൂപീകൃതമായ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി.)ക്ക് സാമൂഹികമാധ്യമങ്ങളിൽ വൻ ജനപ്രീതി. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും തിങ്കളാഴ്ച ഈ ‘പാർട്ടി’യിൽ അംഗത്വമെടുത്തു.
കഴിഞ്ഞയാഴ്‌ച കോടതി നടപടികൾക്കിടെയായിരുന്നു യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചുകൊണ്ടുള്ള പരാമർശം നടത്തിയത്. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കൾ ഇവിടെയുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും മറ്റ് ചിലർ സോഷ്യൽ മീഡിയ, ആർ.ടി.ഐ. ആക്ടിവിസ്റ്റുകളുമായി മാറി സമൂഹത്തെ കടന്നാക്രമിക്കുന്നു. ഇത്തരക്കാർ ‘കോക്രോച്ചു’കളും ‘പരാന്നഭോജികളു’മാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഈ പരാമർശത്തിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയർന്നുവന്നത്. ഇതിന് പിന്നാലെ ‘എക്സ്’ (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന അക്കൗണ്ടിനെ ചുരുങ്ങിയ സമയം കൊണ്ട് പതിനായിരക്കണക്കിന് ആളുകളാണ് ഫോളോ ചെയ്തത്. അതേസമയം, തന്റെ നിരീക്ഷണങ്ങൾ ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതാണെന്നും രാജ്യത്തെ യുവാക്കളെയാകെ ഉദ്ദേശിച്ചല്ല താൻ അങ്ങനെ സംസാരിച്ചതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തത വരുത്തിയിരുന്നു.