06/09/2026
[fontresizer_tawhidurrahmandear_widget]

സ്ത്രീകൾക്കുള്ള യാത്രാസൗജന്യം: ഗുണം 7 ജില്ലകൾക്ക് മാത്രം; മലപ്പുറത്തും എറണാകുളത്തും കെഎസ്ആർടിസി ‘ഇല്ല’

 സ്ത്രീകൾക്കുള്ള യാത്രാസൗജന്യം: ഗുണം 7 ജില്ലകൾക്ക് മാത്രം; മലപ്പുറത്തും എറണാകുളത്തും കെഎസ്ആർടിസി ‘ഇല്ല’

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ ബസ് യാത്രയുടെ ആനുകൂല്യം ഭൂരിഭാഗം ജില്ലകൾക്കും പൂർണമായി ലഭിക്കില്ലെന്ന് കണക്കുകൾ. കെഎസ്ആർടിസി സർവീസുകൾ സജീവമായ ഏഴു ജില്ലകളിലെ സ്ത്രീകൾക്ക് മാത്രമാണ് ഇതിന്റെ പ്രധാന ഗുണം ലഭിക്കുക. മലപ്പുറം, എറണാകുളം ഉൾപ്പെടെയുള്ള ഏഴു ജില്ലകളിൽ പൊതുഗതാഗതത്തിലെ കെഎസ്ആർടിസി വിഹിതം 25 ശതമാനത്തിലും താഴെയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ് കാര്യമായ രീതിയിൽ കെഎസ്ആർടിസി സർവീസുകളുള്ളത്. ഇതിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ വിഹിതമുള്ളത് (60.50%). എന്നാൽ യുഡിഎഫിന് വലിയ വിജയം നൽകിയ മലപ്പുറത്ത് കെഎസ്ആർടിസി വിഹിതം വെറും 9.4 ശതമാനം മാത്രമാണ്. 14 സീറ്റുകൾ നൽകിയ എറണാകുളത്ത് ഇത് 24.7 ശതമാനവുമാണ്. കർണാടകയിൽ വിജയകരമായി നടപ്പാക്കിയ മാതൃകയാണ് ഇവിടെ പ്രഖ്യാപിച്ചതെങ്കിലും, അവിടെ 90 ശതമാനം സർവീസുകളും സർക്കാർ കമ്പനികളുടേതാണ്. എന്നാൽ കേരളത്തിലെ 16,545 റൂട്ട് ബസുകളിൽ 4,609 എണ്ണം മാത്രമാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇതിൽ 800 ഓളം ബസുകൾ കട്ടപ്പുറത്തുമാണ്.

കൂടാതെ, ഓടുന്ന ബസുകളിൽ മൂന്നിലൊന്നും സൂപ്പർ ഫാസ്റ്റിന് മുകളിലുള്ള ക്ലാസുകളാണ്. സീറ്റ് റിസർവേഷൻ ഉള്ള ഇത്തരം ബസുകളിൽ നിർത്തിക്കൊണ്ടുപോകാൻ അനുവാദമില്ലാത്തതിനാൽ സൗജന്യ യാത്ര പ്രായോഗികമാകില്ല. പ്രത്യേക കമ്പനിയായ 450 സ്വിഫ്റ്റ് ബസുകളിലും സൗജന്യത്തിന് സാധ്യതയില്ല.

കെഎസ്ആർടിസിയിൽ നിലവിൽ 50% യാത്രക്കാരും സ്ത്രീകളാണ്. പ്രതിദിനം 7 കോടി രൂപ വരുമാനമുള്ള കോർപറേഷന് സൗജന്യം നടപ്പാക്കുന്നതോടെ വരുമാനം 3.5 കോടിയായി പകുതിയായി കുറയും. ഇത് പ്രതിമാസം 105 കോടി രൂപയുടെ ഭീമമായ വരുമാന നഷ്ടം കെഎസ്ആർടിസിക്ക് വരുത്തിവെക്കുമെന്നാണ് കണക്കാക്കുന്നത്.

ജില്ല തിരിച്ചുള്ള കെഎസ്ആർടിസി വിഹിതം:

  • തിരുവനന്തപുരം – 60.50%
  • കൊല്ലം – 49.00%
  • ആലപ്പുഴ – 48.90%
  • വയനാട് – 40.10%
  • ഇടുക്കി – 38.40%
  • കോട്ടയം – 37.80%
  • പത്തനംതിട്ട – 36.80%
  • എറണാകുളം – 24.70%
  • കാസർകോട് – 24.30%
  • കണ്ണൂർ – 16.10%
  • തൃശൂർ – 15.40%
  • പാലക്കാട് – 14.60%
  • കോഴിക്കോട് – 14.00%
  • മലപ്പുറം – 09.40%

Also read: