‘മരിച്ചാലും രക്തപതാക പുതപ്പിക്കരുത്, സുധാകരൻ കൊടും വഞ്ചകൻ’; സിപിഎം അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം
ആലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയാ കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാവ് ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ വിമർശനം. സുധാകരൻ കൊടുംവഞ്ചകനാണെന്നും അദ്ദേഹം മരിച്ചാൽ പോലും ഭൗതികശരീരത്തിൽ രക്തപതാക പുതപ്പിക്കരുതെന്നും യോഗത്തിൽ ആവശ്യമുയർന്നു. സുധാകരൻ അന്തരിച്ചാൽ പാർട്ടി പതാക പകുതി താഴ്ത്തിക്കെട്ടരുതെന്നും, അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാൻ പാർട്ടി നേതൃത്വത്തിന് സാധിച്ചില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
സുധാകരന് പുറമെ സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത എന്നിവർക്കെതിരെയും യോഗത്തിൽ കടുത്ത അതൃപ്തിയാണ് ഉയർന്നത്. യാതൊരു ബോധവുമില്ലാതെയാണ് ആർ. നാസർ മാധ്യമങ്ങളോട് സംസാരിക്കുന്നതെന്ന് അംഗങ്ങൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം എംഎൽഎയുടെ കഴിവുകേടാണെന്ന് നാസർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. അമ്പലപ്പുഴയിൽ പ്രധാനപ്പെട്ട നേതാക്കളെ പ്രചാരണത്തിന് എത്തിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്.
മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത പേരിന് മാത്രമാണ് പ്രവർത്തിച്ചതെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഒരു ഓഫീസ് ജോലി പോലെ രാവിലെ വന്ന് വൈകിട്ട് മടങ്ങുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. ജി.സുധാകരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സുജാത പരാതി നൽകാതിരുന്നതും വിമർശനത്തിന് കാരണമായി. അതേസമയം, സുധാകരനെ അനുകൂലിച്ച ഏരിയാ കമ്മിറ്റി അംഗം സി.പി സൈറസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആലപ്പുഴ സിപിഎമ്മിൽ ഉടലെടുത്ത കടുത്ത വിഭാഗീയതയും അതൃപ്തിയുമാണ് ഏരിയാ കമ്മിറ്റിയിലെ പരസ്യമായ പോരിലൂടെ പുറത്തുവരുന്നത്.