04/06/2026
[fontresizer_tawhidurrahmandear_widget]

‘പ്രതിസന്ധി സമയത്ത് ഞങ്ങളായിരുന്നു ഒപ്പമുണ്ടായിരുന്നത്’; ഉദയനിധിക്ക് മറുപടിയുമായി കോൺഗ്രസ്

 ‘പ്രതിസന്ധി സമയത്ത് ഞങ്ങളായിരുന്നു ഒപ്പമുണ്ടായിരുന്നത്’; ഉദയനിധിക്ക് മറുപടിയുമായി കോൺഗ്രസ്

ന്യൂഡൽഹി: തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലെ ഭിന്നത പരസ്യമാകുന്നു. ടിവികെയുമായുള്ള കോൺഗ്രസിന്റെ പുതിയ സഖ്യത്തെ രൂക്ഷമായി വിമർശിച്ച ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് മറുപടിയുമായി കോൺഗ്രസ് എംപി മാണിക്കം ടാഗോർ രംഗത്തെത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും ഡിഎംകെയെ പിന്തുണച്ചിട്ടുള്ളത് കോൺഗ്രസാണെന്നും ഉദയനിധിയുടെ പ്രസ്താവനകൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിഎംകെയുമായുള്ള 20 വർഷത്തിലേറെയുള്ള ബന്ധം അവസാനിപ്പിച്ച് കോൺഗ്രസ് ടിവികെയെ കൂട്ടുപിടിച്ചതിനെ ചെന്നൈയിൽ നടന്ന യൂത്ത് വിങ് യോഗത്തിലാണ് ഉദയനിധി വിമർശിച്ചത്. കോൺഗ്രസിന് രാഷ്ട്രീയ മര്യാദയോ നന്ദിയോ ഇല്ലെന്നും ഇനി ഒരിക്കലും പാർട്ടി കോൺഗ്രസിനെ വിശ്വസിക്കരുതെന്നും ഉദയനിധി അണികളോട് ആഹ്വാനം ചെയ്തിരുന്നു. കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരാൻ കാരണം കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ, ബിജെപി തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത് തടയാനാണ് കോൺഗ്രസ് ടിവികെയ്ക്കൊപ്പം ചേർന്നതെന്ന് മാണിക്കം ടാഗോർ അവകാശപ്പെട്ടു. ടിവികെയുടെ സർക്കാർ രൂപീകരണം തടയാനായി രാഷ്ട്രീയ ചിരവൈരികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ നടത്തിയതായി വാർത്തകൾ വന്നിരുന്നു. ബിജെപിയെ ഡിഎംകെയുമായും അണ്ണാ ഡിഎംകെയുമായും ബന്ധിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങൾ കോൺഗ്രസിന്റെ മതേതര തത്വങ്ങൾക്ക് എതിരാണെന്നും, ബിജെപിയുമായുള്ള ഒരുവിധ ധാരണയും വെച്ചുപൊറുപ്പിക്കില്ലെന്നും ടാഗോർ വ്യക്തമാക്കി. ഇരു പാർട്ടികളും തമ്മിലുള്ള വാക്പോര് തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Also read: