‘എന്നേയും ജിഹാദിയെന്ന് വിളിച്ചു, അൻസിബ അമ്മയിൽ ഒറ്റപ്പെട്ടിരുന്നു, സംഘടനയെ ചിലർ കുളമാക്കാൻ ശ്രമിച്ചു’; നേതൃത്വത്തിനെതിരെ നടി ഉഷ ഹസീന
കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യപ്പെടുത്തി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി നടി ഉഷ ഹസീന. സംഘടനയിലെ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം തന്നെയും ‘ജിഹാദി’ എന്ന് വിളിച്ചിട്ടുണ്ടെന്നും അത് ആരാണെന്ന് ജനറൽ ബോഡിയിൽ വെളിപ്പെടുത്തുമെന്നും ഉഷ ഒരു മലയാള മാധ്യമാത്തിനോട് പറഞ്ഞു. നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ പാനൽ കൊണ്ടുവരണമെന്നും ചിലർ ഗ്രൂപ്പുകളുണ്ടാക്കി സംഘടനയെ കുളമാക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ നടി അൻസിബ ഹസ്സൻ സംഘടനയിൽ കടുത്ത ഒറ്റപ്പെടുത്തൽ നേരിട്ടിരുന്നു. മുൻപ് കുടുംബസംഗമവുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പ് വന്നപ്പോൾ സംഘടനയിൽ മതേതരത്വം പാലിക്കണമെന്നും രാഷ്ട്രീയം കൊണ്ടുവരരുതെന്നും അൻസിബ നിലപാടെടുത്തിരുന്നു. ഇതിന്റെ പേരിലാണ് അൻസിബയ്ക്കെതിരെ ഗൂഢാലോചനകൾ നടന്നത്. അൻസിബയ്ക്കെതിരെ നടൻ ടിനി ടോം നടത്തിയ പരാമർശങ്ങൾക്ക് നടി നീന കുറുപ്പ് സാക്ഷിയാണെന്നും ഉഷ വ്യക്തമാക്കി. സംഘടനയിൽ നിലവിൽ മൂന്ന് ഗ്രൂപ്പുകളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മുമ്പ് പുറത്തുപോയ അതിജീവിത ഉൾപ്പെടെയുള്ള നടിമാരെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നെങ്കിലും, അമ്മയിലെ ചില അംഗങ്ങൾ ഇതിനെ എതിർത്തതായാണ് വിവരമെന്നും ഉഷ പറഞ്ഞു. ടിനി ടോമിന്റെ അപവാദ പ്രചാരണങ്ങൾ കാരണമാണ് താൻ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചതെന്ന അൻസിബയുടെ ആരോപണത്തിന് പിന്നാലെയാണ് ഉഷയും രംഗത്തെത്തിയത്. ജൂൺ 21-ലെ വാർഷിക പൊതുയോഗത്തിന് മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കൂടുതൽ അംഗങ്ങൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തുന്നത്.