‘എംആധാർ’ ആപ് നിർത്തലാക്കുന്നു; ഇനി പുതിയ ‘ആധാർ ആപ്’
ന്യൂഡൽഹി: നിലവിലുള്ള ‘എംആധാർ’ ആപ് നിർത്തലാക്കുകയാണെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഇതിന് പകരം സ്മാർട്ട്ഫോണുകളിൽ ആധാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും ലഭ്യമാക്കുന്നതിനായി പരിഷ്കരിച്ച പുതിയ ‘ആധാർ’ ആപ് സർക്കാർ പുറത്തിറക്കി. ഈ ആപ് വളരെ വേഗത്തിലും വ്യക്തിഗത വിവരങ്ങൾക്ക് കൂടുതൽ നിയന്ത്രണം സുരക്ഷയും നൽകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. മുൻപ് ആധാർ പരിശോധനാ വേളകളിൽ ഉപഭോക്താവിന്റെ മുഴുവൻ വിവരങ്ങളും സ്ക്രീനിൽ ദൃശ്യമായിരുന്നെങ്കിൽ, പുതിയ സംവിധാനത്തിൽ ആവശ്യമുള്ള വിവരങ്ങൾ മാത്രം തിരഞ്ഞെടുത്തു പങ്കുവെക്കാനുള്ള സൗകര്യവുമുണ്ട്.
ഹോട്ടലുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ എന്നിവിടങ്ങളിൽ ആധാർ കാർഡ് സമർപ്പിക്കാൻ ക്യൂആർ കോഡ് വഴി സാധിക്കും. ഇതിലൂടെ മുഴുവൻ ആധാർ വിവരങ്ങളും പുറത്തുവിടാതെ തന്നെ ആവശ്യമായ രേഖകൾ മാത്രം കൈമാറാം. അതുപോലെ, മുൻപ് വെറും എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി വെരിഫിക്കേഷനെ മാത്രം ആശ്രയിച്ചിരുന്ന സ്ഥാനത്ത്, പുതിയ ആപ്പിൽ സുരക്ഷ ശക്തമാക്കാൻ ഒടിപിക്ക് പുറമെ ഫോട്ടോ വെരിഫിക്കേഷൻ, ക്യുആർ കോഡ് പരിശോധന തുടങ്ങിയ ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് തങ്ങളുടെ വിരലടയാളം, മുഖം, കണ്ണ് തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ഈ ആപ്പിലൂടെ നേരിട്ട് ലോക്ക് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും. ഇത് മറ്റുള്ളവർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയും.
പുതിയ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഘട്ടങ്ങളും യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ആദ്യം ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ് സ്റ്റോറുകളിൽ നിന്ന് പുതിയ ആധാർ ഡൗൺലോഡ് ചെയ്യണം. തുടർന്ന് താല്പര്യമുള്ള ഭാഷ തിരഞ്ഞെടുത്ത ശേഷം, ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകി ഒടിപി വഴി വെരിഫൈ ചെയ്യണം. ചില ഉപഭോക്താക്കളോട് ഈ ഘട്ടത്തിൽ ലൈഫ് ഫോട്ടോ വേരിഫിക്കേഷൻ പൂർത്തിയാക്കാനും ആവശ്യപ്പെട്ടേക്കാം. ഇതിന് ശേഷം സുരക്ഷയ്ക്കായി ഒരു പിൻ നമ്പർ സെറ്റ് ചെയ്യുകയോ ബയോമെട്രിക് അൺലോക്ക് സംവിധാനം സജീവമാക്കുകയോ ചെയ്യാം. അവസാനമായി ആധാർ നമ്പർ രേഖപ്പെടുത്തി മറ്റൊരു ഒടിപി കൂടി നൽകുന്നതോടെ ആപ് പൂർണ സജ്ജമാകും. ഒരു ലോഗിൻ രീതിക്ക് പകരം പല ഘട്ടങ്ങളായുള്ള സുരക്ഷ ഉറപ്പാക്കാനാണ് ഈ പുതിയ ക്രമീകരണം.
ഇതോടൊപ്പം മറ്റൊരു പ്രധാന അറിയിപ്പ് കൂടി അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. ‘മൈആധാർ’ പോർട്ടൽ വഴി ആധാർ കാർഡിലെ തിരിച്ചറിയൽ രേഖകളും വിലാസവും സൗജന്യമായി ഓൺലൈനായി പുതുക്കാനുള്ള സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. മുൻപ് ഇതിനായി നിശ്ചയിച്ചിരുന്ന അവസാന തീയതി 2026 ജൂൺ 15 ആയിരുന്നെങ്കിൽ, പുതിയ ഉത്തരവ് പ്രകാരം പൊതുജനങ്ങൾക്ക് 2027 ജൂൺ 14 വരെ യാതൊരുവിധ ഫീസും നൽകാതെ ഓൺലൈനായി രേഖകൾ പുതുക്കാവുന്നതാണ്. വർഷങ്ങൾക്ക് മുൻപ് ആധാർ എടുക്കുകയും ഇതുവരെ വിവരങ്ങൾ പുതുക്കാതിരിക്കുകയും ചെയ്തവർ പുതിയ രേഖകൾ അപ്ലോഡ് ചെയ്യണമെന്ന് യുഐഡിഎഐ ഓർമ്മിപ്പിച്ചു. അതേസമയം വിരലടയാളം, ഐറിസ് സ്കാൻ, ഫോട്ടോ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനും പേര്, ലിംഗഭേദം, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ മാറ്റുന്നതിനും നേരിട്ട് ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളിൽ തന്നെ പോകേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.