09/06/2026
[fontresizer_tawhidurrahmandear_widget]

‘ദിവസം 1 ലക്ഷം വരെ വരുമാനം’; ഒരു കോടി കടമെടുത്ത് തുടങ്ങിയ ബിസിനസിൽ നിന്ന് ലാഭം കൊയ്ത് കർഷക സഹോദരങ്ങൾ

 ‘ദിവസം 1 ലക്ഷം വരെ വരുമാനം’; ഒരു കോടി കടമെടുത്ത് തുടങ്ങിയ ബിസിനസിൽ നിന്ന് ലാഭം കൊയ്ത് കർഷക സഹോദരങ്ങൾ

ലുധിയാന: ഒരു കോടി കടമെടുത്ത് ആരംഭിച്ച ബിസിനസിലൂടെ ദിവസം ഒരു ലക്ഷം രൂപ വരെ വരുമാനം നേടി കർഷക സഹോദരങ്ങൾ. പഞ്ചാബിലെ ബർണാല ജില്ലയിൽ നിന്നുള്ള ജസ്ബിർ സിങ് (47) സുഖ്‌ദേവ് സിങ് (50) എന്നീ സഹോദരങ്ങളാണ് കൃത്യമായ ആസൂത്രണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഈ നേട്ടം കൈവരിച്ചത്. വെറും രണ്ട് ഏക്കർ ഭൂമി മാത്രമുള്ള ഈ കുടുംബത്തിൽ കൃഷി നടത്തിയിരുന്ന പിതാവിനെ സഹായിച്ചാണ് മൂത്ത മകൻ ആദ്യം ബിസിനസ്സ് രംഗത്തേക്ക് വരുന്നത്. ജസ്ബീർ സിങ് 17 വർഷം ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച ശേഷം 2015ലാണ് വിരമിച്ചത്. സൈന്യത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷം പരമ്പരാഗത കൃഷിയിൽ നിന്ന് മാറി മറ്റെന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് സുഖ്‌ദേവ് സിങ്ങിന് ലഭിച്ച പരിശീലനത്തിന്റെ സഹായത്തോടെ വെറും നാല് എരുമകളുമായി ഇവർ ഒരു ചെറിയ ഡയറി ഫാം ആരംഭിക്കുന്നത്. തുടർന്ന് എരുമകളുടെ എണ്ണം എട്ടായും പിന്നീട് ഘട്ടം ഘട്ടമായി 25 മുതൽ 30 വരെയായും ഇവർ വർദ്ധിപ്പിച്ചു. ആദ്യഘട്ടത്തിൽ പാൽ ഉൽപ്പാദിപ്പിച്ചു വിൽക്കുന്നതിൽ മാത്രമായിരുന്നു ഇവരുടെ ശ്രദ്ധ.

സ്വന്തം നാട്ടിലും പിന്നീട് ലുധിയാനയിലും നടന്ന ഡയറി ഫാം വികസന സെമിനാറുകളിൽ പങ്കെടുത്തതാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെ വെച്ച് ഗുരു അംഗദ് ദേവ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഗോപിക തൽവാർ ഉൾപ്പെടെയുള്ള ഡയറി വിദഗ്ധരുമായി സംസാരിക്കാനിടയായി. വെറും പാൽ വിൽക്കുന്നതിന് പകരം മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിറ്റാൽ കൂടുതൽ ലാഭം നേടാമെന്ന് അവർ ബോധ്യപ്പെടുത്തി. ഇതേത്തുടർന്ന് ജസ്ബീർ സിങ് ഒരാഴ്ചത്തെ പ്രത്യേക പരിശീലന പരിപാടിയിൽ പങ്കെടുക്കുകയും ആധുനിക ഡയറി പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി വെർക്ക പ്ലാന്റ് ഉൾപ്പെടെയുള്ള നിരവധി പ്രോസസിംഗ് സൗകര്യങ്ങൾ സന്ദർശിക്കുകയും ചെയ്തു.

ഈ പരിശീലനത്തിന് ശേഷം ഏകദേശം ഒരു കോടി രൂപ നിക്ഷേപിച്ച് സ്വന്തമായി ഒരു ഓട്ടോമാറ്റിക് മിൽക്ക് പ്രോസസിംഗ് പ്ലാന്റ് സ്ഥാപിക്കാൻ ഈ സംയുക്ത കുടുംബം ധീരമായ തീരുമാനമെടുത്തു. ഇതിനായി പ്രധാനമന്ത്രിയുടെ തൊഴിൽ ഉൽപ്പാദന പരിപാടി (പിഎംഇജിപി) വഴി അഞ്ച് വർഷത്തെ കാലാവധിയിൽ 40 ലക്ഷം രൂപ ലോൺ എടുക്കുകയും ഈ പദ്ധതിക്ക് കീഴിൽ 10 ലക്ഷം രൂപ സബ്‌സിഡി ലഭിക്കുകയും ചെയ്തു. ബാക്കി തുക ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും കടം വാങ്ങിയാണ് ഇവർ സമാഹരിച്ചത്.

ആദ്യഘട്ടത്തിൽ സ്വന്തം ഫാമിലെ എരുമകളിൽ നിന്നുള്ള പാൽ മാത്രമാണ് ഇവർ ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് ഗുണനിലവാരത്തിലും മായം ചേർക്കാത്തതിലും ഉറപ്പുവരുത്തിക്കൊണ്ട് സ്വന്തം ഗ്രാമത്തിലെയും തൊട്ടടുത്ത ഗ്രാമങ്ങളിലെയും കർഷകരിൽ നിന്നും ഇവർ പാൽ ശേഖരിക്കാൻ തുടങ്ങി. പ്ലാന്റിൽ എത്തുന്ന പാൽ ആദ്യം ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് സ്വീകരിക്കുന്നത്. ഈ പ്ലാന്റ് പൂർണ്ണമായും രജിസ്റ്റർ ചെയ്തതും എഫ്എസ്എസ്എഐ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ലൈസൻസുകളോടെയുമാണ് പ്രവർത്തിക്കുന്നത്. നിലവിൽ പനീർ കിലോഗ്രാമിന് 300 മുതൽ 350 രൂപ നിരക്കിലും തൈര് കിലോഗ്രാമിന് 60 രൂപ നിരക്കിലും നാടൻ നെയ്യ് കിലോഗ്രാമിന് 800 രൂപ നിരക്കിലുമാണ് ഇവർ വിൽക്കുന്നത്. ദിവസേന 90,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഇവരുടെ വിൽപന നടക്കുന്നത്. ലോൺ ഇനത്തിൽ പ്രതിമാസം 75,000 രൂപയോളം ഇവർ തിരിച്ചടയ്ക്കുന്നുമുണ്ട്.

ഈ ബിസിനസ്സ് വഴി മക്കൾ ഉൾപ്പെടെ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും പുറമെ പന്ത്രണ്ടോളം ആളുകൾക്ക് ജോലി നൽകാൻ ഈ സഹോദരന്മാർക്ക് സാധിച്ചു. ചെലവുകൾക്ക് ശേഷം 10 ശതമാനത്തിലധികം ലാഭത്തിലാണ് നിലവിൽ ബിസിനസ്സ് മുന്നോട്ട് പോകുന്നത്. എങ്കിലും കടം വീട്ടുന്നതിനും ബിസിനസ് കൂടുതൽ വ്യാപിപ്പിക്കുന്നതിനുമാണ് ഇവർ ഇപ്പോൾ മുൻഗണന നൽകുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തും ഇവർ സജീവമാണ്. തണുപ്പ് കാലത്ത് പഞ്ചാബിന് പുറത്തുള്ള നിരവധി പ്രവാസി ഇന്ത്യക്കാരിൽ നിന്ന് പഞ്ജീരി, നാടൻ നെയ്യ്, ഖോയ തുടങ്ങിയ പരമ്പരാഗത ഉൽപ്പന്നങ്ങൾക്കായി ഇവർക്ക് വലിയ ഓർഡറുകൾ ലഭിച്ചിരുന്നു.

Also read: