02/06/2026
[fontresizer_tawhidurrahmandear_widget]

ഒടുവിൽ കുറ്റസമ്മതവുമായി കേന്ദ്രമന്ത്രി; സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍

 ഒടുവിൽ കുറ്റസമ്മതവുമായി കേന്ദ്രമന്ത്രി; സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍

ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിൽ ഒടുവിൽ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയയിലെ പൊരുത്തക്കേടുകളുടെയും വിദ്യാർഥികൾ നേരിട്ട കടുത്ത മാനസിക സമ്മർദ്ദത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതിലെ പിഴവുകളും പുനർമൂല്യനിർണ്ണയത്തിലെ അപാകതകളും വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളെ കൂടുതൽ ആശങ്കയിലേക്ക് തള്ളിവിടരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു. “ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഞാൻ പൂർണ്ണമായും ഏറ്റെടുക്കുന്നു. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കും. കുറ്റമറ്റ രീതിയിലുള്ള പരിഹാരം കണ്ടെത്താനായി നാമെല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുകയാണ്,” ഡൽഹിയിൽ സിബിഎസ്ഇ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അടിയന്തര കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.

മങ്ങിയ രീതിയിൽ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ, ചില ഉത്തരങ്ങൾക്ക് മാർക്ക് നൽകാതിരിക്കൽ, പോർട്ടൽ സാങ്കേതിക തകരാറുകൾ, പണം അടയ്ക്കുന്നതിലെ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ദിവസങ്ങളായി വിദ്യാർഥികളും രക്ഷിതാക്കളും വലിയ പ്രതിഷേധത്തിലായിരുന്നു. എന്നാൽ, ഈ ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തെ മന്ത്രി ഭാഗികമായി ന്യായീകരിക്കുകയും ചെയ്തു. ആഗോളതലത്തിൽ വലിയ രീതിയിൽ അംഗീകരിക്കപ്പെട്ട സുതാര്യമായ സംവിധാനമാണിതെന്നും വിദ്യാർഥികൾക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിഷയത്തിൽ സിബിഎസ്ഇ ഇതിനകം തന്നെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ ചട്ടങ്ങൾ പാലിച്ചാണ് മുന്നോട്ട് പോയതെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടിയായി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയുമായും രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയുമായും ബന്ധപ്പെട്ട എല്ലാ സുപ്രധാന സംവിധാനങ്ങളെയും രാഹുൽ ഗാന്ധി ആവർത്തിച്ച് എതിർക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

Also read: