‘പാവങ്ങളെ അടിമകളാക്കി പാര്‍ട്ടി വളര്‍ത്തുന്നവരെ കണ്ടാണ് വളര്‍ന്നത്’; കമ്യൂണിസ്റ്റ് വിരോധത്തിന്റെ കാരണം പറഞ്ഞ് അഖില്‍ മാരാര്‍
കൊച്ചി: കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള തന്റെ കടുത്ത രാഷ്ട്രീയ വിരോധത്തിന്റെ കാരണം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരവും എൻഡിഎ മുൻ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. മാസപ്പടി കേസിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ ജയിലിൽ പോകേണ്ടി വന്ന പാർട്ടി പ്രവർത്തകരുടെ വീട് സന്ദർശിക്കുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ ഫെയ്‌സ്ബുക്കിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. സാധാരണക്കാരെയും ദളിതരെയും ഇല്ലാതാക്കി, യുവാക്കളെ ജയിലിലടച്ച് അവരുടെ ഭാവി നശിപ്പിച്ച്, ആളുകളെ പാർട്ടി അടിമകളാക്കി മാറ്റി സംഘടന വളർത്തുന്ന നേതാക്കളെ കണ്ടുവളർന്നതാണ് തന്റെ കമ്മ്യൂണിസ്റ്റ് വിരോധത്തിന് പിന്നിലെന്ന് അഖിൽ മാരാർ വ്യക്തമാക്കി.
എക്‌സാലോജിക്-സിഎംആര്‍എല്‍ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകളും താമസിക്കുന്ന വാടക വീടുൾപ്പെടെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക റെയ്ഡ് നടത്തിയിരുന്നു. പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരത്തെ വാടക വീടിന് മുന്നിലും ഇഡി പരിശോധന നടത്തുന്നതിനിടെ സിപഎം പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധം അഴിച്ചുവിട്ടിരുന്നു. പ്രതിഷേധത്തിനിടെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തതോടെ പ്രതികൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഈ സംഭവത്തിൽ ജയിലിലായ പ്രവർത്തകരുടെ വീടുകളിലാണ് സിപിഎം നേതാക്കൾ ഇപ്പോൾ സന്ദർശനം നടത്തുന്നത്. ഇതിനെതിരെയാണ് അഖിൽ മാരാർ രംഗത്തെത്തിയത്.
അഖിൽ മാരാരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
“ഇ ഡി യെ ആക്രമിച്ച കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട അടിമകളുടെ വീട്ടില്‍ തമ്പ്രാന്‍ ശിവന്‍ കുട്ടി സന്ദര്‍ശിച്ചു..
ഈ വീടിന്റെ കാഴ്ച പറയും സഖാക്കളും തമ്പ്രാന്‍മാരും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധത്തിന്റെ കഥ..
ഈ കേസില്‍ കേരള പൊലീസ് അക്രമം നടത്തിയ പാവങ്ങളെ ജയിലില്‍ അടച്ചപ്പോള്‍ അവരെ അവിടെ വിളിച്ചു വരുത്തി വിപ്ലവ വിഷം കുത്തി കയറ്റി അക്രമത്തിനു ഇറക്കി വിട്ടു അവരുടെ ജീവിതം ഇല്ലാതാക്കിയ ഈ ശിവന്‍ കുട്ടി ഉള്‍പ്പെടെ ഒറ്റ ഒരുത്തന്റെ പേരിലും കേസില്ല..
മകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ അടിമകളെ ഇറക്കിയ പിണറായി വിജയന്റെ കൊല ചിരി നിറഞ്ഞ ഒരു മറുപടി കണ്ടിട്ടെങ്കിലും ഈ പാര്‍ട്ടിക്ക് വേണ്ടി കുടുംബം തകര്‍ത്തു സ്വന്തം ജീവിതം കളയുന്നവന്മാര്‍ ചിന്തിക്കട്ടെ…
എനിക്കെന്താ ഈ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയോട് വിരോധം എന്ന് പലരും ചോദിക്കാറുണ്ട് അതിന്റെ കാരണം ഇത് തന്നെയാണ്..
പാവങ്ങളെയും ,ദളിതരെയും ഇല്ലാതാക്കി, ചെറുപ്പക്കാരെ ജയിലില്‍ അടച്ചു അവരുടെ ഭാവി ഇല്ലാതാക്കി, പാര്‍ട്ടി അടിമകള്‍ ആക്കി പാര്‍ട്ടി വളര്‍ത്തുന്ന ഇവരെ കണ്ടു വളര്‍ന്നതാണ് എന്റെ കമ്മ്യൂണിസ്‌റ് വിരോധത്തിന്റെ കാരണം…”