‘ശിവൻകുട്ടി ഞങ്ങളെ പഠിപ്പിക്കേണ്ട’; തലസ്ഥാനത്തെ വെള്ളക്കെട്ടിന് കാരണം മുൻ സിപിഎം ഭരണമെന്ന് മേയർ വി.വി. രാജേഷ്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ജനങ്ങളെ വലച്ച വെള്ളക്കെട്ടിന് മുൻ സിപിഎം ഭരണസമിതിയെ കുറ്റപ്പെടുത്തി മേയർ വി.വി. രാജേഷ്. നഗരത്തെ ഈ സ്ഥിതിയിലാക്കിയത് സിപിഎം ഭരണമാണെന്നും ഗുണ്ടായിസവുമായി വി. ശിവൻകുട്ടി വരേണ്ടെന്നും വി.വി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദിവസം കൊണ്ട് പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്യുമെന്ന് 20 ദിവസം മുമ്പ് കൗൺസിൽ യോഗം നടക്കുമ്പോൾ അറിയില്ലായിരുന്നുവെന്നും മേയർ പരിഹസിച്ചു.
പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലാക്കിയ മേയർ വി.വി. രാജേഷ് ഗോവയിലെ ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി പുലർച്ചെ തലസ്ഥാനത്തെത്തി. മറ്റ് കൗൺസിലർമാർക്കൊപ്പം രാവിലെ തമ്പാനൂരിൽ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ മേയർ സന്ദർശിച്ചു. തുടർന്ന് മാധ്യമങ്ങളെ കണ്ട അദ്ദേഹം വെള്ളം ഒഴുകിപ്പോകാത്തതിന് സാങ്കേതിക കാരണങ്ങളാണ് നിരത്തിയത്. ഒറ്റ ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിലെത്തിയെന്നും കനാലിലേക്ക് വെള്ളം പോകേണ്ട ഗ്രിൽ ചെറുതാണെന്നും, ഇതൊക്കെ റോഡ് നിർമ്മിക്കുമ്പോൾ ഓർക്കണമായിരുന്നുവെന്നുമാണ് വി.വി. രാജേഷിന്റെ വിമർശനം. 45 വർഷം ഭരിച്ച് ഈ നഗരത്തെ ഇങ്ങനെയാക്കിയവരാണ് യഥാർത്ഥ കുറ്റക്കാരെന്നും മേയർ കുറ്റപ്പെടുത്തി.
ശിവൻകുട്ടി ഞങ്ങളെ പഠിപ്പിക്കേണ്ടെന്നും, ശിവൻകുട്ടി മേയറായിരുന്നപ്പോഴാണ് തിരുവനന്തപുരം കോർപ്പറേഷന്റെ വികസനത്തിന്റെ അടിവേരറ്റതെന്നും വി.വി. രാജേഷ് പറഞ്ഞു. ഗുണ്ടായിസത്തിലൂടെ എല്ലാം നടപ്പാക്കാനാണ് ശിവൻകുട്ടി ശ്രമിച്ചതെന്നും ഞങ്ങളുടെ മെക്കിട്ട് കയറാൻ വരേണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്തതിന്റേതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്രയും ശക്തമായ മഴ പെയ്യുമ്പോൾ വെള്ളമൊഴുകി പോകാൻ പാകത്തിനുള്ള ഓടകളല്ല നഗരത്തിൽ ചെയ്തിരിക്കുന്നതെന്നും മേയർ കുറ്റപ്പെടുത്തി.
അതേസമയം, നഗരസഭയുടെയും സർക്കാരിന്റെയും പരാജയമാണ് തലസ്ഥാനത്ത് കണ്ടതെന്നായിരുന്നു മുൻ മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം. നേരത്തെ മഴപെയ്താൽ മുങ്ങുമായിരുന്ന തിരുവനന്തപുരത്തിന് മാറ്റം കൊണ്ടുവന്നത് ഇടത് സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി എന്ന മാലിന്യം അധികാരത്തിൽ വന്നതോടെ നഗരത്തിൽ മുഴുവൻ മാലിന്യക്കൂമ്പാരമായി എന്നും എം.ബി. രാജേഷ് വിമർശിച്ചു.
ഇതിനിടെ ചാല മാർക്കറ്റിലെ കൊത്തുവാൾ തെരുവിൽ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം ഓടകളിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുകയാണെന്നും ഇതുകാരണം ജനങ്ങൾ കടകളിലേക്ക് വരുന്നില്ലെന്നുമാണ് വ്യാപാരികളുടെ പരാതി.