27/11/2026
[fontresizer_tawhidurrahmandear_widget]

തമ്പാനൂരിലെ വെള്ളക്കെട്ടിൽ മുങ്ങി ബിജെപിയുടെ വികസന വാഗ്ദാനങ്ങൾ; മേയറുടെ ‘കമ്പിയടുപ്പും’ ആയുധമാക്കി സോഷ്യൽ മീഡിയ ട്രോളന്മാർ

 തമ്പാനൂരിലെ വെള്ളക്കെട്ടിൽ മുങ്ങി ബിജെപിയുടെ വികസന വാഗ്ദാനങ്ങൾ; മേയറുടെ ‘കമ്പിയടുപ്പും’ ആയുധമാക്കി സോഷ്യൽ മീഡിയ ട്രോളന്മാർ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന്റെ പേരിൽ മുൻ ഭരണസമിതികളെ രൂക്ഷമായി വിമർശിച്ചിരുന്ന ബിജെപിക്ക് ഇന്നലെയുണ്ടായ മഴയും വെള്ളക്കെട്ടും കനത്ത തിരിച്ചടിയായി. ഭരണം ലഭിച്ച് 45 ദിവസത്തിനകം തലസ്ഥാനത്തെ അമേരിക്കയെപ്പോലെയാക്കുമെന്നും മോദിയുടെ നഗരവികസന ബ്ലൂ പ്രിന്റ് നടപ്പാക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നത്.

കഴിഞ്ഞ ദിവസം മേയർ അവതരിപ്പിച്ച കമ്പികൊണ്ടുള്ള പൊങ്കാലയടുപ്പും ട്രോളന്മാർ വെള്ളക്കെട്ടുമായി ചേർത്ത് പരിഹാസത്തിന് ഉപയോഗിച്ചു. ‘തമ്പാനൂരിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ട് ബഹുമാനപ്പെട്ട ഭക്തജനങ്ങൾ ഭയപ്പെടരുതെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്’ എന്ന കുറിപ്പോടെ നീളൻ കാലുള്ള കമ്പിയടുപ്പിന്റെ ചിത്രം പങ്കുവെച്ചാണ് പരിഹാസം. വെള്ളക്കെട്ടിൽ പൊങ്കാലക്കലം മുങ്ങിപ്പോകാതിരിക്കാൻ ഈ ‘മേയർ സ്പെഷ്യൽ നീളൻകാലനടുപ്പ്’ സഹായിക്കുമെന്നും ട്രോളന്മാർ പരിഹസിക്കുന്നു. ഇതിനുപുറമെ മേയർ സ്പെഷ്യൽ ബോട്ട്, മേയർ സ്പെഷ്യൽ സ്വിമ്മിംഗ് പൂൾ, മേയർ സ്പെഷ്യൽ ഹൗസ് ബോട്ട് എന്നിവയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്നലെ ഒരു മണിക്കൂറോളം മഴ പെയ്തപ്പോഴേക്കും തിരുവനന്തപുരം നഗരത്തിൽ പലയിടത്തും മുട്ടോളം വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. തമ്പാനൂരിൽ വെള്ളം ഒഴുകിപ്പോകാത്തതിനാൽ റോഡുകൾ പൂർണ്ണമായും മുങ്ങി. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും മുന്നിലെ റോഡ് വെള്ളത്തിലായതോടെ യാത്രക്കാർ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ദുരിതത്തിലായത്. റോഡിൽ പാർക്ക് ചെയ്ത കാറുകളും ബൈക്കുകളും വെള്ളത്തിലായി. ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും റോഡുകളിലേക്ക് ഒഴുകിയെത്തി ഓടകൾ അടഞ്ഞു. ബസ് ഒഴികെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. റോഡിൽ മുട്ടോളം നിറഞ്ഞ മലിനജലത്തിലൂടെ നടന്നാണ് പലരും റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും എത്തിയത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും മണിക്കൂറുകളോളം പണിപ്പെട്ടാണ് ഓടകളിലെ തടസ്സങ്ങൾ നീക്കിയത്. തമ്പാനൂരിന് പുറമെ എസ്.എസ്. കോവിൽ റോഡ്, ചാല, കിഴക്കേകോട്ട, അമ്പലത്തറ, മുട്ടട തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിൽ മുങ്ങി.

അതിനിടെ, ആറ്റുകാൽ പൊങ്കാല അടുപ്പിനെ ചൊല്ലി വിവാദം ഉയർന്നതോടെ മേയർ വി.വി. രാജേഷ് നിലപാട് മാറ്റിയതും വലിയ ചർച്ചയായി. ഇരുമ്പിൽ തീർത്ത അടുപ്പ് ഉപയോഗിക്കണമെന്ന മേയറുടെ നിർദേശം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചതോടെയാണ് മേയർ വിഷയത്തിൽ നിന്ന് പിന്മാറിയത്.

ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകട്ടകൾക്ക് പകരം ഇരുമ്പിൽ തീർത്ത അടുപ്പ് ഉപയോഗിക്കണമെന്നായിരുന്നു മേയറുടെ നിർദേശം. പൊങ്കാല സമർപ്പണത്തിന് ശേഷം ചുടുകട്ടകൾ നീക്കം ചെയ്യാനുള്ള അധ്വാനവും ചെലവും കണക്കാക്കുമ്പോൾ ഇരുമ്പുകൊണ്ട് നിർമ്മിക്കുന്ന അടുപ്പുകൾ മലിനീകരണം കുറയ്ക്കുമെന്നും പുനരുപയോഗിക്കാമെന്നുമായിരുന്നു മേയറുടെ വാദം. എന്നാൽ, ചുടുകട്ടയും മൺകലവും ഉപയോഗിച്ച് പൊങ്കാല സമർപ്പിക്കുന്നതാണ് ആചാരമെന്നും മേയറുടെ നിർദേശം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. അതേസമയം, ഇരുമ്പ് അടുപ്പ് ഉപയോഗം സ്വാഗതം ചെയ്യുന്നതായി ആറ്റുകാൽ പൊങ്കാല ഉത്സവ അവലോകന യോഗത്തിൽ ശുചിത്വമിഷൻ പ്രതിനിധി അറിയിച്ചിരുന്നു.

ഇരുമ്പ് അടുപ്പ് വിവാദമായതോടെയാണ് മേയർ നിലപാട് മാറ്റിയത്. ആറ്റുകാൽ അവലോകന യോഗത്തിൽ ഇത് ഒരു നിർദേശമായി അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ അത് വലിയ വിഷയമാക്കി മാറ്റുകയായിരുന്നുവെന്നും മേയർ ബുധനാഴ്ച വ്യക്തമാക്കി. ക്ഷേത്രത്തിലെ ആചാരം എന്താണോ അതനുസരിച്ച് പൊങ്കാല നടത്താമെന്നും അതിലേക്ക് കോർപ്പറേഷന്റെ എല്ലാവിധ സഹായവും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

സാധാരണയായി പൊങ്കാലയ്ക്ക് ശേഷം ഭക്തർ ഉപയോഗിക്കുന്ന ചുടുകട്ടകൾ കോർപ്പറേഷൻ ശേഖരിക്കുകയും അവ ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നവർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതുമാണ് രീതി. വി.കെ. പ്രശാന്ത് മേയറായിരുന്നപ്പോഴാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇതിലൂടെ ലൈഫ് പദ്ധതി ഗുണഭോക്താക്കളായ നൂറോളം പേർക്ക് ചുടുകട്ടകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ തവണ ചുടുകട്ടകൾ നീക്കുന്നതിനും ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് എത്തിച്ചുനൽകുന്നതിനും 12 ലക്ഷം രൂപ ചെലവായെന്നും ചുടുകട്ടകൾ ശേഖരിക്കാൻ രണ്ട് ദിവസത്തിലേറെ സമയമെടുത്തെന്നുമാണ് മേയർ പറഞ്ഞിരുന്നത്. ചുടുകട്ടകൾ പൊടിഞ്ഞുണ്ടാകുന്ന പൊടിശല്യം ഒഴിവാക്കുന്നതിന് ഇരുമ്പ് അടുപ്പുകൾ പ്രോത്സാഹിപ്പിക്കണമെന്നും, ഉപയോഗശേഷം റസിഡന്റ്സ് അസോസിയേഷനുകളോ കോർപ്പറേഷനോ ശേഖരിച്ച് അടുത്ത തവണ ഉപയോഗിക്കാനായി സൂക്ഷിക്കാമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. ഇക്കാര്യം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് വ്യക്തമാക്കിയ മേയർ ഇരുമ്പുകമ്പികൾ കൊണ്ട് നിർമ്മിച്ച പൊങ്കാല അടുപ്പിന്റെ മാതൃകയും യോഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനെല്ലാമിടയിലാണ് ക്ഷേത്ര ട്രസ്റ്റിന്റെ നിലപാടിനെത്തുടർന്ന് മേയർ വിഷയത്തിൽ നിന്ന് പിന്നോട്ടടിച്ചത്.

Also read: