10/06/2026
[fontresizer_tawhidurrahmandear_widget]

‘ഇങ്ങനെ പറയിപ്പിച്ചത് പഴയ സംഘപരിവാർ പശ്ചാത്തലം; ഹിറ്റ്‌ലറെ ആരാധിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രി, ലജ്ജാകരം’- രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയൻ

 ‘ഇങ്ങനെ പറയിപ്പിച്ചത് പഴയ സംഘപരിവാർ പശ്ചാത്തലം; ഹിറ്റ്‌ലറെ ആരാധിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രി, ലജ്ജാകരം’- രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദപരമായ ‘ഹൈഡ്ര’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കയ്യേറ്റം ഒഴിപ്പിക്കൽ സേനയ്ക്ക് ഹൈഡ്ര (HYDRAA) എന്ന പേരിട്ടത് ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന രേവന്ത് റെഡ്ഡിയുടെ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അദ്ദേഹത്തിന്റെ പഴയ സംഘപരിവാർ പശ്ചാത്തലമാണെന്നും അദ്ദേഹം ആരോപിച്ചു.

ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണ്. ഇത് കേവലമൊരു നാക്കുപിഴയായി കാണാൻ കഴിയില്ലെന്നും അടിയന്തരാവസ്ഥയിലൂടെ ജനാധിപത്യം കശാപ്പ് ചെയ്ത കോൺഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയ സ്വഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെയും ആർഎസ്എസിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിർക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ഇടതുപക്ഷം ആവർത്തിക്കുന്നതിന്റെ അടിസ്ഥാനം ഇതാണെന്നും ജനാധിപത്യ വിശ്വാസികൾ ഈ അപകടം തിരിച്ചറിയണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

സർക്കാർ ഭൂമികളിലെയും ജലാശയങ്ങളിലെയും കയ്യേറ്റം തടയാൻ 2024-ൽ രൂപീകരിച്ച ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസിയുടെ ചുരുക്കപ്പേരാണ് ഹൈഡ്ര. ആരെയും കൊല്ലാൻ അധികാരമുള്ള ഹിറ്റ്‌ലറുടെ സുപ്രധാന സംഘത്തിൽ നിന്നാണ് ഈ പേര് സ്വീകരിച്ചതെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ വിവാദ പ്രസ്താവന. കൂടാതെ, ഹൈഡ്രയുടെ പൊളിച്ചുനീക്കലുകളെ ഇറാനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളോടും അദ്ദേഹം ഉപമിച്ചിരുന്നു.

തെലങ്കാനയിൽ നടക്കുന്ന ബുൾഡോസർ രാജിനെതിരെ വലിയ വിമർശനം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ ന്യായീകരണം. നേരത്തെ തെരഞ്ഞെടുപ്പ് കാലത്തും പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മിൽ വ്യക്തിപരമായ പരാമർശങ്ങളിലൂടെ വലിയ രീതിയിൽ രാഷ്ട്രീയമായി ഏറ്റുമുട്ടിയിരുന്നു.

Also read: